കോട്ടയം : തിരുനക്കര മഹാദേവക്ഷേത്രത്തിൽ ഇന്ന് നടക്കുന്ന പകൽ പൂരത്തോടനുബന്ധിച്ച് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ച് ശക്തമായ സുരക്ഷയൊരുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 350 ഓളം പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നിയോഗിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റും, പ്രത്യേകം നിരീക്ഷിക്കുന്നതിനായി സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. പകൽപ്പൂര ദിവസം അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചു. മോഷണം, പിടിച്ചുപറി, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തിയിൽ പൊലീസിനെയും, സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.