കോട്ടയം: അഴകിന്റെ വർണക്കാഴ്ചയൊരുക്കി 22 ഗജവീരൻമാർ. പുരുഷാരത്തിന് നടുവിൽ 75 കലാകാരന്മാർ ചേർന്നൊരുക്കിയ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ ആയിരങ്ങൾക്ക് തിരുനക്കര പകൽപ്പൂരം നവ്യാനുഭവമായി. തന്ത്രി കണ്ഠരര് മോഹനര് തിരിതെളിച്ചതോടെ പൂരത്തിന് സമാരംഭമായി. പടിഞ്ഞാറൻ ചേരുവാരത്ത് തൃക്കടവൂർ ശിവരാജു തിരനക്കരയപ്പന്റെ തങ്ക തിടമ്പേറിയപ്പോൾ പടിഞ്ഞാറൻ ചേരുവാരത്ത് ഉഷശ്രീ ശങ്കരൻകുട്ടി ദേവിയുടെ തിടമ്പേറ്റി. രാവിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ചെറുപൂരങ്ങൾ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ തിരുനക്കരയപ്പനെ കണ്ടു തൊഴുതതോടെ ക്ഷേത്രവും പരിസരവും പൂരലഹരിയിലായി.
കാരാപ്പുഴ അമ്പലക്കടവ് ദേവിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർകുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള കൊമ്പൻമാർ ചെറുപൂരമായി എത്തിയതോടെ തിരുനക്കരയുടെ തിരുമുറ്റത്ത് പൂരലഹരി പൂത്തുലഞ്ഞു . ഇരുചേരുവാരങ്ങളിലുമായി ഉഷശ്രീ ശങ്കരൻകുട്ടി,കുന്നുമ്മേൽ പരശുരാമൻ,വേണാട്ടുമുറ്റം ഗണപതി,നടത്താട്ടുവിള രാജശേഖരൻ, ഉണ്ണിപ്പള്ളി ഗണേശൻ, മീനാട് വിനായകൻ ചൈത്രം അച്ചു,കുളമാക്കിൽ പാർത്ഥ സാരഥി,പട്ടത്താനം സ്കന്ദൻ ,ചുരുർമഠം രാജശേഖരൻ ,കരിമണ്ണൂർ ഉണ്ണി,തൃക്കടവൂർ ശിവരാജു ,മുതുകുളം ഹരിഗോവിന്ദൻ,തോട്ടയ്ക്കാട് രാജശേഖരൻ,ആനയടി അപ്പു,വേണാട്ടുമറ്റം ശ്രീകുമാർ,,പുതുപ്പള്ളി സാധു,കാഞ്ഞിരക്കാട്ടു ശേഖരൻ ,,അമ്പാടി മഹാദേവൻ ,മീനാട് കേശു,കുളമാക്കിൽ രാജ,താമരക്കുടി വിജയൻ എന്നീ ഗജവീരൻമാർ അണിനിരന്നോടെ തിരുനക്കര പൂരപ്രഭയിലായി.
വിസ്മയമായി പാണിമേളം
മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ 75 കലാകാരൻമാർ അണിനിരന്ന പാണ്ടിമേളം മേളപ്രേമികളെ ആവേശത്തിൽ ആറാടിച്ചു. പൂരം ഉദ്ഘാടന ചടങ്ങിൽ സഹകരണ തുറമുഖ വകുപ്പുമന്ത്രി വി.എൻ.വാസവൻ, കെ.അനിൽകുമാർ എന്നിവർക്ക് പുറമേ ലോക്സഭാ സ്ഥാനാർത്ഥികളായ തോമസ് ചാഴികാടൻ, ഫ്രാൻസിസ് ജോർജ് എന്നിവരും പങ്കെടുത്തു. രാത്രി എട്ടിന് ശേഷമാണ് പൂരത്തിന് സമാപനമായത്.