ചങ്ങനാശേരി: ഈ പ്രദേശത്തേക്ക് ഒരിറ്ര് വെള്ളമെത്തില്ല!. അസാധ്യമെന്ന് വാട്ടർ അതോറിട്ടിയും മറ്റു ഉദ്യോഗസ്ഥരും ഒരേ സ്വരത്തിൽ പറഞ്ഞിട്ടും മാന്നില നിവാസികൾ തോറ്റുപിന്മാറിയില്ല. അവിടെ മാന്നില ശുദ്ധജല പദ്ധതിയുടെ പിറവിയും വിജയവും. സമീപപ്രദേശങ്ങളിൽ എല്ലാം കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ചങ്ങനാശേരിയിലെ ഏറ്റവും ഉയർന്ന പ്രദേശമായ മാന്നിലകുന്നുകളിലെ വീടുകളിൽ ശുദ്ധജലം മുടങ്ങാറില്ല. നെടുങ്ങാടപ്പള്ളിയിലെ സംഭരണിയേക്കാളും ഉയർന്ന പ്രദേശമായതിനാൽ ഒരിക്കലും ശുദ്ധജലം വിതരണം ചെയ്യാൻ സാധിക്കില്ലെന്ന് ജലഅതോറിട്ടി അധികൃതർ വിധിയെഴുതിയ മാന്നില കുന്നിൻ മുകളിലാണ് ഇന്ന് ശുദ്ധജലമെത്തുന്നത്. ഒരു വർഷം മുൻപ് പ്രവർത്തനമാരംഭിച്ച മാന്നില ശുദ്ധജലപദ്ധതി കനത്ത വേനലിലും ഒരു ഗ്രാമത്തിന്റെ ദാഹമകറ്റുന്നു. ശുദ്ധജല സമിതിയുടെ നേതൃത്വത്തിൽ കലയംകണ്ടം ഭാഗത്തെ റബർ തോട്ടത്തിനു സമീപം ശുദ്ധജലകുളത്തിനായി സ്ഥലം വാങ്ങി. ജലഅതോറിട്ടി ഉദ്യോഗസ്ഥരെത്തി ഭൂമിക്കടിയിൽ നീരുറവയുണ്ടെന്ന് ഉറപ്പാക്കി. 2022 അവസാനത്തോടെയാണ് കുളത്തിന്റെ നിർമാണം ആരംഭിച്ചത്. 20 അടി താഴ്ചയിൽ 6 മീറ്റർ വ്യാസത്തിൽ റിങ്ങുകൾ ഇറക്കി. മോട്ടർ പുരയും പൂർത്തിയാക്കി. 2023 നവംബറോടെ ശുദ്ധജല വിതരണം ആരംഭിച്ചു.

ചെലവഴിച്ച തുക: ജലജീവൻ പദ്ധതിയിൽ നിന്നും 21 ലക്ഷം രൂപ

ജലസംഭരണി നിറയാൻ മുന്നര മണിക്കൂർ

കുളത്തിൽ നിന്നും മാന്നിലകുന്നിലെ ജലസംഭരണിയിലേക്ക് ശുദ്ധജലമെത്തിച്ചു വിതരണം ചെയ്യുകയാണ്. ജലവിതരണത്തിനു ഒരു കിലോമീറ്റർ പ്രദേശത്ത് പൈപ്പ് ലൈൻ വലിച്ചിട്ടുണ്ട്. ജലസംഭരണി നിറയാൻ മുന്നര മണിക്കൂർ സമയമെടുക്കും. ദിനംപ്രതി ഒരു ലക്ഷം ലീറ്റർ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ടെന്ന് മാന്നില ശുദ്ധജല സമിതി രക്ഷാധികാരിയും പഞ്ചായത്തംഗവുമായ ജിൻസൺ മാത്യു പറയുന്നു. 150 രൂപയാണ് ഒരു കുടുംബത്തിൽ നിന്നും ഈടാക്കുന്നത്. 11 പേരടങ്ങുന്ന ഭരണസമിതിയാണു മാന്നില ശുദ്ധജല പദ്ധതിയെ നയിക്കുന്നത്.

പദ്ധതിയിൽ ഉൾപ്പെടുന്നത്: 94 കുടുംബങ്ങൾ


മാന്നില പ്രദേശത്തെ വർഷങ്ങളായുള്ള ശുദ്ധജലക്ഷാമത്തിനാണ് മാന്നില ശുദ്ധജല പദ്ധതിയോടെ പരിഹാരമായത്. പദ്ധതി പൂർത്തിയായതോടെ ഇന്ന് ദിവസവും പ്രദേശങ്ങൾ തരംതിരിച്ച് ശുദ്ധജലം വിതരണം ചെയ്യുന്നു.

ജിൻസൺ മാത്യു
മാന്നില ശുദ്ധജല സമിതി
രക്ഷാധികാരി, മാടപ്പള്ളി പഞ്ചായത്തഗം.