
കോട്ടയം: റംസാൻ നോമ്പുകാലമായിട്ടും വേനൽച്ചൂട് കൂടിയിട്ടും പൈനാപ്പിളിന് പ്രതീക്ഷിച്ച വിലകിട്ടാതെ കർഷകർ. വില റെക്കാഡിൽ എത്തേണ്ട സമയത്തും കഴിഞ്ഞ സീസണേക്കാൾ 25% വരെ വിലക്കുറവിലാണ് കർഷകർ വിൽക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ പൈനാപ്പിൾ സ്‌പെഷൽ ഗ്രേഡിന് 50 രൂപയായിരുന്നെങ്കിലും ഇപ്പോൾ 38 രൂപയാണ് വില. കർഷകന് വില ലഭിക്കുന്നില്ലെങ്കിലും വിപണിയിൽ പൈനാപ്പിൾ 60- 65 രൂപയ്ക്കാണു വിൽക്കുന്നത്.
വില ഉയരാത്തതും ചെലവു വർധിക്കുന്നതും മൂലം കർഷകർക്ക് വലിയ നഷ്ടമാണ്. തെങ്ങോലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് തോട്ടങ്ങൾക്കു മീതെ പൊതയിട്ടാണു ഉണക്കിനെ നേരിടുന്നത്. നനയും വർദ്ധിപ്പിച്ചു. ഉണക്ക് ഭീഷണി നേരിടാൻ തോട്ടങ്ങളിൽ ഏക്കറിന് 20,000 രൂപ വരെ കർഷകർക്ക് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. വേനൽ ചൂട് മൂലം ഉൽപാദനം 40% കുറയുകയും ചെയ്തു. അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. എന്നാൽ ഉണക്ക് ബാധിച്ചതോടെ എ ഗ്രേഡ് പൈനാപ്പിൾ 50% പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. എന്നാൽ ജ്യൂസിന് നൂറു രൂപവരെയും പീസിന് പത്ത് രൂപയ്ക്കുമാണ് വിൽക്കുന്നത്. ലാഭം മുഴുവൻ ഇടനിലക്കാരിലേയ്ക്ക് പോകുന്നതിൽ കർഷകർക്ക് സങ്കടവുമുണ്ട്.
ചെടികൾക്കും കഷ്ടകാലം
ചെടികൾ ഉണങ്ങി മഞ്ഞ നിറത്തിലാകുന്നു
പൈനാപ്പിൾ വലുതാകാതെ നശിക്കുന്നു
ഈ നഷ്ടം നികത്താൻ വിലവർദ്ധനയ്ക്ക് കഴിയും
'' പൈനാപ്പിൾ ലഭ്യതയിൽ 1000 ടണ്ണിന്റെ കുറവ് പ്രതിദിനം ഉണ്ടായിട്ടും വില ഉയരാത്തതിന് കാരണം അറിയില്ല. വേനൽ ചൂടിനൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പു ചൂടും വർദ്ധിക്കുന്നതും റമസാൻ നോമ്പുകാലവും എല്ലാം ചേർന്നു
വിലകൂടുമെന്നാണ് പ്രതീക്ഷ''
കെ.കെ.ഷാജി, കർഷകൻ