കോട്ടയം: രണ്ട് കോടിയോളം രൂപ കുടിശിക വരുത്തിയതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ട് വർഷത്തെ കുടിശികയായ 1.80 കോടിരൂപയും പലിശയും ചേർത്ത് 2.20 കോടിരൂപ അടയ്ക്കാനുണ്ടായതിനെ തുടർന്നാണ് കെ.എസ്.ഇ.ബിയുടെ നടപടി.

ഇന്നലെ രാവിലെ മുന്നറിയിപ്പ് ഇല്ലാതെയാണ് കെ.എസ്.ഇ.ബിയിലെ രണ്ട് ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചത്.ഇതോടെ ജീവനക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. 2.20 കോടിരൂപയുടെ കുടിശിക അടച്ചില്ലെങ്കിലും നിലവിലെ വൈദ്യുതി ചാർജ് അടച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ അപ്രതീക്ഷിത നടപടി. ഇത്രയും കുടിശിക അനുവദിക്കാനാകില്ലെന്നും വലിയ പ്രതിസന്ധിയിലൂടെയാണ് തങ്ങളും കടന്നുപോയിക്കൊണ്ടിരിക്കുന്നതന്നുമാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. ട്രാവൻകൂർ സിമന്റ്സിലെ വൈദ്യുതി പുനസ്ഥാപിക്കാൻ ചർച്ചകൾ തുടരുകയാണ്.

 കൂനിൻമേൽ കുര

പ്രതിസന്ധിയുടെ നടുക്കടലിലായ ട്രാവൻകൂർ സിമന്റ്സ് കാക്കനാട്ടെ സ്ഥലം വിറ്റ് ബാദ്ധ്യത തീർക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെ.എസ്.ഇ.ബിയുടെ ഇരുട്ടടി. അഞ്ചു മാസമായി ജീവനക്കാരുടെ ശമ്പളം കുടിശികയാണ്. ഈ സാഹചര്യത്തിലും വൈദ്യുതി ചാർജ് അടച്ചിരുന്നതായി കമ്പനി അധികൃതർ പറയുന്നു. 2019 മുതൽ കമ്പനിയിൽ നിന്നു വിരമിച്ച 120 ജീവനക്കാർക്ക് ഇതുവരെ ആനുകുല്യങ്ങൾ ഒന്നും നൽകിയിട്ടില്ല.
ഇത് ഉൾപ്പെടെയുള്ള പ്രതിസന്ധി പരിഹരിക്കാൻ കമ്പനിയുടെ കാക്കനാട്ടെ സ്ഥലം വിൽക്കാൻ അനുമതി ലഭിക്കുകയും വിൽപ്പന നടപടികൾ അന്തിമ ഘട്ടത്തിലേക്കു നീങ്ങുകയും ചെയ്തിരുന്നു. ഈ പണം ലഭിച്ചാൽ പ്രതിസന്ധിയിൽ നിന്നു കമ്പനിയെ കരകയറ്റാമെന്നാണ് അധികൃതരുടെ വാദം. ഇതിനിടെയാണ് കെ.എസ്.ഇ.ബിയുടെ ഫ്യൂസ് ഊരൽ.