loksabha

കോട്ടയം: തിരഞ്ഞെടുപ്പ് പൂരത്തിനുള്ള ഒരുക്കങ്ങൾക്കിടെ സ്ഥാനാർത്ഥികളിൽ രണ്ട് പേർ തിരുനക്കര പൂരത്തിരക്കിലായിരുന്നു. തുഷാർ വ്യക്തിപരമായ സന്ദർശനത്തിലും. വോട്ടുകളോരോന്നും പെട്ടിയിലാക്കാനുള്ള ഓട്ടം. ഇന്ന് മുതൽ വീണ്ടും കൺവെഷൻഷനുകളുടെ തിരക്കിലാവും സ്ഥാനാർത്ഥികൾ.

 പൂരത്തിരക്കിൽ ഫ്രാൻസിസ് ജോർജ്

തിരുനക്കരപൂരം കൊട്ടി കേറുമ്പോൾ ആവേശത്തിന് മാറ്റ് കൂട്ടി യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് തിരുനക്കരയിലെത്തി. തിരുനക്കരയപ്പന്റെ അനുഗ്രഹവും ഏറ്റുവാങ്ങി പൂരത്തിനെത്തിയ ഗജവീരന്മാരെയും പൂരപ്രേമികളെയും കണ്ടാണ് സ്ഥാനാർഥി മടങ്ങിയത്. കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി ആക്ടിംഗ് പ്രിൻസിപ്പൽ ഫാദർ ജോൺ തോമസ് കരിങ്ങാട്ടിലിനെ സന്ദർശിച്ചു. ഐ.എം.എ ഹാളിൽ നടന്ന ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് യൂണിറ്റ് കൺവൻഷനിൽ പങ്കെടുത്തു.കെ ഫ്രാൻസിസ് ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയുള്ള കോട്ടയം നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് വൈകിട്ട് 3.30 ന് കെ.പി.എസ് മേനോൻ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

 പകൽപ്പൂരത്തിൽ എത്തി ചാഴികാടൻ

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പൂരപ്പറമ്പിലെത്തിയ സ്ഥാനാർത്ഥി കുടമാറ്റമടക്കം ചടങ്ങുകളൊക്കെ കഴിഞ്ഞാണ് പൂര നഗരി വിട്ടത്. ഭക്തർക്കും ആസ്വാദകർക്കും ഒപ്പം സ്ഥാനാർത്ഥിയും പൂരത്തിലലിഞ്ഞു. പൂരത്തിനെത്തിയവരും സ്ഥാനാർത്ഥിക്ക് ആശംസകൾ നേർന്നാണ് യാത്രയാക്കിയത്. രാവിലെ ആമ്പല്ലൂരിലായിരുന്നു സ്ഥാനാർത്ഥിയുടെ സൗഹൃദ സംഗമം. ആമ്പല്ലൂർ തോട്ടറ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ കോൺവെന്റിലും
വൃദ്ധസദനത്തിലുമെത്തിയ തോമസ് ചാഴികാടനെ അമ്മമാർ സ്വീകരിച്ചു. സൗഹൃദം പുതുക്കി, വീട്ടുവിശേഷങ്ങൾ ചോദിച്ച് തലയിൽ കൈവച്ച് അനുഗ്രഹിച്ചാണ് സ്ഥാനാർത്ഥിയെ അമ്മമാർ മടക്കിയത്. പ്രസിദ്ധമായ അരയൻകാവ് ദേവീക്ഷേത്രത്തിലെ പൂര മൈതാനത്ത് ഭക്തജനങ്ങളെ കണ്ട് സ്ഥാനാർത്ഥി പുരാശംസകൾ നേർന്നു.

പിന്നീട് കുലയേറ്റിക്കര പെലിക്കൻ സെന്ററിലെത്തിയ സ്ഥാനാർത്ഥിയെ ഡയറക്ടർ ഫാ.സാംസൺ മേലോത്ത് സ്വീകരിച്ചു.

 അനുഗ്രഹം വാങ്ങി തുഷാർ

മധുര മിനാക്ഷി ക്ഷേത്രം ഉൾപ്പെടെ ഇരുനൂറിലേറെ പ്രമുഖ ക്ഷേത്രങ്ങളുടെ താന്ത്രികാവാശി താന്ത്രിക കുലപതി മനയത്താറ്റില്യത്ത് ചന്ദ്രശേഖരൻ തിരുമേനിയിൽ നിന്ന് അനുഗ്രഹാശീർവാദങ്ങൾ നേടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ഇന്നലെ തുടങ്ങിയത്. ഇല്ലത്തിൽ നടന്ന പ്രത്യേക പൂജയ്ക്കും പ്രാർത്ഥനക്കും ശേഷം ചന്ദ്രശേഖരൻ തിരുമേനി ,തുഷാർ വെള്ളാപ്പ ള്ളിക്ക് പ്രസാദം നൽകി ആശിവദിച്ചു. മകൻ പ്രകാശൻ തിരുമേനിയും ആശംസകൾ അർപ്പിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി. സെൻ, കേന്ദ്ര നേതാക്കൾ ആയ പച്ചയിൽ സന്ദീപ്, ഇ.ഡി. പ്രകാശൻ , ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ബിജുകുമാർ , നേതാക്കളായ എം.എസ്. രാധാകൃഷണൻ , രാജുകാലായിൽ , എൻ.മധു , ലതീഷ് ചെമ്പ്, പി.കെ.ശശിധരൻ, സി.ബി. കുഞ്ഞു
മോൻ, പി.സി. ബിനിഷ് കുമാർ, പി.ഡി. സരസൻ , സുനിൽ, സന്തോഷ് വയൽവാരം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.