മുണ്ടക്കയം: നാട്ടുകാർക്കെല്ലാം കൗതുകമായി മാറിയിരിക്കുകയാണ് മുണ്ടക്കയം നെൻമേനി തടത്തിപ്ലാവിൽ മോൻസിയുടേയും മണിയനെന്ന കീരിയുടേയും സൗഹൃദം. മണിയായെന്ന് മോൻസി നീട്ടിവിളിച്ചാൽ പറന്നുവരും ഈ കീരിക്കുട്ടൻ.മോൻസിയുടെ വീട്ടിലെ നിത്യ സന്ദർശകാനായി മാറിയിരിക്കുകയാണ് മണിയൻ. വീടിനോടു ചേർന്നുള്ള പുരിയിടത്തിലാണ് മോൻസി മണിയനെ ആദ്യം കണ്ടത്.
കൈയിലുണ്ടായിരുന്ന പഴം അതിന് നൽകി. ഒട്ടും മടികൂടാതെ കുഞ്ഞ് കീരി അത് തിന്നു.
പിന്നീട് പലതവണ പഴവും മറ്റ് ഭക്ഷണവും നൽകി.മോൻസി തന്നെയാണ് കീരക്കുഞ്ഞിന് മണിയനെന്ന് പേരിട്ടത്.
വീട്ടുമുറ്റത്ത് എത്തുന്ന മണിയനു വയറുനിറച്ച് ഭക്ഷണവും നൽകിയാണ് മോൻസിയും കുടുംബവും തിരിച്ചയക്കുന്നത്. മുട്ടയും, ചിക്കനും, പഴങ്ങളുമെല്ലാമാണ് ഇഷ്ടവിഭാഗങ്ങൾ. തിന്നുകഴിഞ്ഞാൽ പിന്നെ സമീപത്തെ പുരയിടത്തിലേക്ക് കയറും.വീടിന്റെ പരിസരങ്ങളിലായി എപ്പോഴും കുഞ്ഞൻ കീരികാണും. മോൻസിയുടെ വീട്ടിൽ ആരെത്തിയാലും അവരോടെല്ലാം മണിയനു പ്രിയം തന്നെ. പിതാവും ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന മോൻസിയുടെ കുടുംബത്തിലെ എല്ലാവരുമായിട്ടും മണിയൻ നല്ല ചങ്ങാത്തത്തിലാണ്.നിരവധിപ്പേരാണ് മണിയന്റെയും മോൻസിയുടേയും സൗഹൃദ കഥകേട്ട് ഇവിടേക്ക് വരുന്നത്. ധാരാളം അലങ്കാര മത്സ്യങ്ങളേയും പക്ഷികളെയുമെല്ലാം മോൻസി വളർത്തുന്നുണ്ട്.