loksabha

കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്നു പറയാതെ തോമസ് ചാഴികാടൻ യു.ഡി.എഫ് ലേബലിൽ വോട്ടു പിടിക്കുകയാണെന്ന് ആരോപിച്ച് ഫ്രാൻസിസ് ജോർജ് രംഗത്ത്. എന്നാൽ യു.ഡി.എഫ് എന്ന് പറഞ്ഞു ഒരിടത്തും വോട്ടു ചോദിച്ചിട്ടില്ലെന്ന് ചാഴികാടൻ. രണ്ട് കേരളാകോൺഗ്രസ് ഗ്രൂപ്പുകൾ 47വർഷത്തിനു ശേഷം ഏറ്റുമുട്ടുന്ന കോട്ടയത്ത് കൊണ്ടും കൊടുത്തുമുള്ള പോര് മുറുകി .

ഫ്രാൻസിസ് ജോർജിന്റെ പരാതി

' യു.ഡി.എഫ് ലേബലിൽ അറിയപ്പെടാനും വോട്ടു പിടിക്കാനുമാണ് തോമസ് ചാഴികാടൻ ശ്രമിക്കുന്നത്. എൽ.ഡിഎഫ് എന്നു ധൈര്യമായി പറയാൻ സാധിക്കുന്നില്ലെന്നു പോസ്റ്ററുകളിൽ നിന്നു വ്യക്തമാണ്. ചിഹ്നം മാത്രം വലുതായി ഉയർത്തിക്കാട്ടി പേസ്റ്ററടിച്ചത് ഇതുകൊണ്ടാണ്.സ്ഥാനാർത്ഥിയുടെ ഫോട്ടോയും എൽ.ഡിഎഫെന്നതും ചെറുതാണ് .

തോമസ് ചാഴികാടന്റെ മറുപടി

ഇത്തരം വില കുറഞ്ഞ ആരോപണങ്ങളെ പുച്ഛിച്ചു തള്ളുന്നു. ഒരിടത്തും യു.ഡി.എഫെന്നു പറഞ്ഞു വോട്ട് പിടിച്ചിട്ടില്ല. ഇടതു മുന്നണിയിലെ ഘടക കക്ഷിയായ കേരളാകോൺഗ്രസ് എം സ്ഥാനാർത്ഥിയാണ് ഞാനെന്നും ചിഹ്നം രണ്ടിലയെന്നും എല്ലാവർക്കും അറിയാം. കേരളത്തിൽ എം.പി ഫണ്ട് നൂറ് ശതമാനം ചെലവഴിച്ചതിന്റെ ക്രെഡിറ്റുണ്ട്. നടപ്പാക്കിയ കോടികളുടെ വികസന പ്രവർത്തനങ്ങളും ഇടതുസർക്കാരിന്റെ നേട്ടങ്ങളും മതി വോട്ടുലഭിക്കാൻ.

വിവാദത്തിന് കാരണം

ഫ്രാൻസിസ് ജോർജിന് ഇതുവരെ ചിഹ്നമായിട്ടില്ല. പത്രികാ സമർപ്പണത്തിന് ശേഷമേ സ്വതന്ത്ര ചിഹ്നം ലഭിക്കൂ. ചില സ്ഥലങ്ങളിൽ ഇടതുമുന്നണി പ്രവർത്തകർ ഫ്രാൻസിസ് ജോർജിന്റെ ഫോട്ടോ പതിച്ച പോസ്റ്ററിൽ തോമസ് ചാഴികാടന്റെ രണ്ടില ചിഹ്നം ഒട്ടിച്ചുവെച്ചതാണ് വിവാദത്തിന് കാരണമായത്.

' ഇടതു സർക്കാരിനെതിരെ ജനവികാരം ഉള്ളതിനാലാകാം എൽ.ഡി.എഫ് സ്ഥാനാർത്ഥിയെന്നു ചാഴികാടൻ പറയാത്തത്. ഇതൊരു ചീഞ്ഞ കളിയാണ്. ചിഹ്നം വൈകി കിട്ടുന്നതൊന്നും പ്രശ്നമല്ല. പാലായിൽ ജോസ് കെ മാണിയുടേത് രണ്ടില ചിഹ്നമായിട്ടും സ്വതന്ത്ര ചിഹ്നത്തിൽ മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തി ജയിച്ച ചരിത്രമുണ്ട്.

സജി മഞ്ഞ കടമ്പിൽ (കേരളാകോൺഗ്രസ് ജില്ലാ പ്രസിഡന്റ് )