കിടങ്ങൂർ ഡിവിഷനിൽ നടപ്പാക്കിയത് 4.5 കോടിയുടെ പദ്ധതികൾ
പാലാ: ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷനിൽ 2023-24 സാമ്പത്തികവർഷം നാലര കോടി രൂപ വിനിയോഗിച്ച് നൂറിൽപരം പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 60 ജംഗ്ഷനുകളിൽ മിനിമാസ്റ്റ് ലൈറ്റുകൾക്കായി 70 ലക്ഷം രൂപയും വിവിധ പഞ്ചായത്തിലെ റോഡുകളുടെ നവീകരണത്തിനായി 1 കോടി 10 ലക്ഷം രൂപയും കൊഴുവനാൽ പഞ്ചായത്തിലെ തോടനാലും മുത്തോലി പഞ്ചായത്തിലെ പുലിയന്നൂരും രണ്ട് ഇൻഡോർ ബാഡ്മിന്റൻ കോർട്ടുകൾക്കായി 47 ലക്ഷം രൂപയും കുടിവെള്ള സംവിധാനങ്ങൾക്കായി 50 ലക്ഷം രൂപയും വിവിധ സ്ഥാപനങ്ങൾക്ക് കെട്ടിടനിർമ്മാണങ്ങൾക്കും സാനിട്ടേഷൻ കോപ്ലക്‌സിനുമായി ഒരുകോടി രൂപയും വിനിയോഗിച്ചതായി മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ അറിയിച്ചു.
തെരുവിളക്കുകൾക്കായി ലൈൻ വലിക്കുന്നതിന് 20 ലക്ഷം രൂപയും വിവിധ ലൈബ്രറി മന്ദിരങ്ങൾക്കായി 30 ലക്ഷം രൂപയും ഉൾപ്പെടെ അനുവദിച്ച 4.5 കോടിയുടെ പദ്ധതികളാണ് പൂർത്തീകരണഘട്ടത്തിലുള്ളത്. മുത്തോലി, എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിലെ 60 ജംഗ്ഷനുകളിലാണ് 70 ലക്ഷം രൂപ മുതൽമുടക്കി മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
പദ്ധതികളിൽ റോഡുകൾക്ക് മുൻതൂക്കം
കൊഴുവനാൽ പഞ്ചായത്തിലെ തോടനാൽ പന്നിയാമറ്റം, ഇടമുളതല വയലിൽപതിക്കൽ എന്നീ റോഡുകൾക്ക് 25 ലക്ഷം രൂപയും ഇളപ്പുങ്കൽ കാളചന്ത റോഡിന് 10 ലക്ഷം രൂപയും വിനിയോഗിച്ചു.കിടങ്ങൂർ പഞ്ചായത്തിലെ വടുതലപടി-കൊശപ്പള്ളിൽ റോഡിന് 10 ലക്ഷം രൂപയും എലിക്കുളം പഞ്ചായത്തിലെ കളരിക്കൽ പീടികഞണ്ടുപാറ റോഡിന് 10 ലക്ഷം രൂപയും ഏഴാം മൈൽ പാമ്പോലി റോഡിന് 11 ലക്ഷം രൂപയും ഉൾപ്പെടെ 1 കോടി 10 ലക്ഷം രൂപയുടെ റോഡ് നിർമ്മാണപ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
പദ്ധതികളിൽ ചിലത്
എലിക്കുളം പഞ്ചായത്തിലെ താഷ്‌കന്റ് കുടിവെള്ളപദ്ധതിക്ക്: 15 ലക്ഷം
പൈക ഗവ.ആശുപത്രിയിൽ വാട്ടർടാങ്ക് നിർമ്മാണത്തിന്: 10 ലക്ഷം
കൂടല്ലൂർ ഗവ. ആശുപത്രിയിൽ കുടിവെള്ള സംവിധാനത്തിന്: 10 ലക്ഷം
കുഴൽക്കിണർ കുടിവെള്ള പദ്ധതികൾക്കായി: 15 ലക്ഷം
വിവിധ പഞ്ചായത്തുകളിൽ ജലക്ഷാമം പരിഹരിക്കുന്നതിന്: 50 ലക്ഷം