9 പിടിയാനകൾ


കൊടുങ്ങൂർ: പിടിയാനകൾ മാത്രം അണിനിരക്കുന്ന ഗജമേളയ്ക്ക് ഇന്ന് കൊടുങ്ങൂർ ദേവീക്ഷേത്രം വേദിയാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ചമയങ്ങളില്ലാതെ അഴകുള്ള ഗജറാണിമാർ ഓരോന്നായി പടിപ്പുരവാതിൽ കടന്നിറങ്ങും. ആയിരങ്ങൾക്ക് ആവേശമായി ശൈലേഷ് വൈക്കത്തിന്റെ ഗജവിവരണവുമുണ്ടാകും. കേരളത്തിലെ ഏറ്റവും പേരുകേട്ട 9 പിടിയാനകളാണ് ഗജമേളയിൽ അണിനിരക്കുന്നത്. ആട ആഭരണങ്ങൾ ഒന്നും ഇല്ലാതെ പിടിയാന ചന്തം ആസ്വദക്കാനുള്ള അപൂർവ അവസരമാണിത്. ഏറ്റവും മികച്ച അഴകുള്ള പിടിയാന ചന്തത്തിന് തൃക്കൊടുങ്ങൂർ മഹേശ്വരിപ്രിയ ഇഭകുല സുന്ദരി പട്ടം ശ്രീപത്മനാഭദാസ അവിട്ടം തിരുനാൾ ആദിത്യവർമ്മ സമ്മാനിക്കും. ശ്രീകുമാർ അരൂകുറ്റി, അഡ്വ. രാജേഷ് പല്ലാട്ട്, ശൈലേഷ് വൈക്കം എന്നിവരാണ് മികച്ച പിടിയനാകളെ തിരഞ്ഞെടുക്കുക.

പിടിയാനകളെ സംരക്ഷിക്കുന്ന ആന ഉടമകളെയും പാപ്പന്മാരെയും മള്ളിയൂർ ദിവാകരൻ നമ്പൂതിരി ആദരിക്കും. നാളെ ആറാട്ട് എതിരേൽപ്പിന് വൈകിട്ട് 7 മണിയോടെ പിടിയാനപ്പുറത്ത് കുടമാറ്റം നടക്കും. കൊടുങ്ങൂർ കവലയിലുള്ള ദേവി ഓഡിറ്റോറിയത്തിൽ 15 ആനകളുടെ ചമയപ്രദർശനം ഇന്നലെ ആരംഭിച്ചു. പ്രവേശനം സൗജന്യമാണ്.