
കോട്ടയം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ അടുത്തതോടെ ജനമനസ് കീഴടക്കാനുള്ള തത്രപ്പാടിലാണ് മൂന്ന് സ്ഥാനാർത്ഥികളും. മണ്ഡലം കൺവെൻഷനിലേയ്ക്ക് കടന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വൈക്കം മണ്ഡലത്തിൽ നിറഞ്ഞപ്പോൾ കൂത്താട്ടുകളത്ത് റോഡ് ഷോയിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ക്ഷേത്രദർശനം നടത്തിയും വിവിധ സമുദായ നേതാക്കളുടെ ആശിർവാദം സ്വീകരിച്ചും എൻ.ഡി.എയുടെ തുഷാർ വെള്ളാപ്പള്ളിയും കളം നിറഞ്ഞു.
വിശ്രമമില്ലാതെ ഫ്രാൻസിസ് ജോർജ്.
വൈക്കം മണ്ഡലത്തിലെ പൊതി ശാന്തി ഭവൻ കോൺവെന്റ്, മേഴ്‌സി ആശുപത്രി എന്നിവിടങ്ങളിലാണ് ഫ്രാൻസിസ് ജോർജ് ആദ്യം സന്ദർശനം നടത്തിയത്. പര്യടനം മറവൻതുരുത്ത് എത്തിയപ്പോൾ
കേരള കോൺഗ്രസ് (എം) മറവൻതുരുത്ത് മണ്ഡലം പ്രസിഡന്റ് വിനോദ് മേക്കര ഫ്രാൻസിസ് ജോർജിനെ ഷാൾ അണിയിച്ചു കൊണ്ട് കേരള കോൺഗ്രസിൽ ചേർന്നു. തുടർന്ന് കടുത്തുരുത്തി മണ്ഡലത്തിലെ സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂൾ പാഴുത്തുരുത്ത്, ഞീഴൂർ ഉണ്ണിമിശിഹ ക്‌നാനായ കത്തോലിക്ക പള്ളി, പാലാ ചാവറ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കേന്ദ്ര ഇലക്ഷൻ കമ്മറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം. എൽ. എയും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.
റോഡ് ഷോയിൽ ചാഴികാടൻ
കൂത്താട്ടുകുത്ത് ശ്രീധരീയം ആയുർവേദ ഗവേഷണ കേന്ദ്രവും നേത്രാശുപത്രിയും സ്ഥിതി ചെയ്യുന്ന നെല്ലിക്കാട്ട് മനയിലായിരുന്നു തോമസ് ചാഴികാടന്റെ ആദ്യ സന്ദർശനം. ഉച്ചയോടെ മണിമലക്കുന്ന് ഗവൺമെന്റ് കോളേജിലെത്തിയ സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിനും പ്രസാദ ഊട്ടിനുമെത്തിയവരുമായി സ്ഥാനാർത്ഥി സൗഹൃദം പങ്കിട്ടു.
തിളങ്ങി തുഷാർ
ചോറ്റാനിക്കര ക്ഷേത്ര ദർശനത്തോടെയായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ തുടക്കം. പിന്നീട് ബി.ജെ.പി ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് സുരേഷിനെ വീട്ടിലെത്തി കണ്ടു. മുളന്തുരുത്തിയിൽ ഓർത്തഡോക്‌സ് മാർത്തോമൻ പള്ളിയിലെത്തി ഫാ. ജെയിംസ് വർഗീസ് താമരവേലിയിലിനെ കണ്ട് അനുഗ്രഹംതേടി. മാർത്തോമൻ യാക്കോബായസഭയ്ക്ക് കീഴിലുള്ള ബിഷപ്പ് ഹൗസും സന്ദർശിച്ചു.
വൈക്കത്ത് കെ.പി.എം.എസ് വൈക്കം യൂണിയൻ ഓഫീസ്, കേരള വണിക വൈശ്യ സംഘം 27ാം നമ്പർ ശാഖ, അഖില കേരള വിശ്വകർമ മഹാസഭ താലൂക്ക് യൂണിയൻ ഓഫീസ്, ഗൗഢ സാരസ്വത ബ്രാഹ്മണ സമാജം, ബ്രാഹ്മണസമൂഹം എന്നിവിടങ്ങളിലും സന്ദർശനംനടത്തി. വൈകിട്ട് വൈക്കം ധീവര സഭയിലെത്തി കടലോര തൊഴിലാളികളുടെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ധീവര സഭയുടെ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ തൊഴിൽ രംഗത്ത് അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ബോദ്ധ്യപ്പെടുത്തി.രാത്രി കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികളെ കണ്ട് അനുഗ്രഹം വാങ്ങിയാണ് അവസാനിപ്പിച്ചത്.