kuppivellam

കോട്ടയം: വേനൽ ശക്തമായതോടെ കുപ്പിവെള്ള ലോബിക്ക് ചാകര. ജലജന്യരോഗങ്ങൾ വർദ്ധിച്ചതോടെ കുപ്പിവെള്ളം കുടിക്കുന്നവർ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പു നൽകുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഗുണനിലവാര പരിശോധന പേരിനു മാത്രമായതോടെ കുടിവെള്ള ലോബിക്ക് നേട്ടമായി.

സംസ്ഥാനത്ത് 250ൽപരം കുപ്പിവെള്ള ഉത്പാദന യൂണിറ്റുകളുണ്ട്. പൂർണതോതിൽ ഉത്പാദനം 110 യൂണിറ്റുകൾ മാത്രമായിരുന്നു. പ്രവർത്തനം നിലച്ച യൂണിറ്റുകളും വേനൽ ശക്തമായതോടെ സജീവമായി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഴ്സിന്റെ പരിശോധന യില്ലാത്തതിനാൽ അശുദ്ധ ജലം വിതരണം ചെയ്താലും കണ്ടുപിടിക്കാൻ കഴിയാതായി.

 വില്ലൻ പോളി എത്തിലീൻ ടെറഫ് താലേറ്റ്

പോളി എത്തിലീൻ ടെറഫ് താലേറ്റ് (പെറ്റ്) വിഭാഗത്തിലുള്ള പ്ലാസ്റ്റിക് ഉപയോഗിച്ചാണ് സാധാരണ കുപ്പികൾ നിർമ്മിക്കുന്നത്. കുപ്പിവെള്ളം വെയിലത്ത് വെക്കുമ്പോൾ ചൂടായി പ്ലാസ്റ്റിക് നേരിയ തോതിൽ വെള്ളത്തിൽ അലിഞ്ഞിറങ്ങും. വെള്ളത്തിലൂടെ രക്തത്തിൽ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങൾക്ക് വഴിയൊരുക്കും. കുപ്പിയുടെ പുറത്ത് പോളി എത്തിലീൻ ഉപയോഗിച്ചുള്ള ലേബൽ പതിക്കാൻ ഉപയോഗിക്കുന്ന പശയും വില്ലനാണ്. ചൂടാകുമ്പോൾ പശയും നേരിയ തോതിൽ വെള്ളത്തിൽ ആഗിരണം ചെയ്യപ്പെടുന്നുണ്ട്..

 ശ്രദ്ധിക്കാം

പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിക്കുന്ന കുപ്പിവെള്ളം സൂര്യപ്രകാശമേൽക്കുന്ന രീതിയിൽ കടകളിൽ തൂക്കിയിടുകയോ വിതരണം നടത്തുകയോ വിൽപ്പന നടത്തുകയോ ചെയ്യരുത്.

കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

തുറന്ന വാഹനങ്ങളിൽ കുപ്പിവെള്ളം വിതരണത്തിനായി കൊണ്ടുപോകരുത്.

കുപ്പിവെള്ളം തുറസായ സ്ഥലത്ത് സൂക്ഷിക്കുമ്പോൾ വെയിലേൽക്കരുത്.

വെയിലെത്തു പാർക്ക് ചെയ്ത കാറുകളിൽ കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല.

കുപ്പിവെള്ളത്തിൽ ഐ.എസ്‌.ഐ മുദ്ര‌‌യുണ്ടോ എന്ന് ഉറപ്പു വരുത്തണം

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീൽ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പു വരുത്തണം.

വലിയ കാനുകളിൽ വരുന്ന കുടിവെള്ളത്തിനും സീൽ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് വിൽക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താൻ വ്യാപക പരിശോധന നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലും പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. അംഗീകൃതമല്ലാത്തതും വ്യാജവുമായ കുപ്പിവെള്ളം വിറ്റാൽ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കും.

വീണാ ജോർജ് (ആരോഗ്യമന്ത്രി )