
കോട്ടയം: വേനൽച്ചൂട് കൂടുന്നതിനാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ജാഗ്രത വേണമെന്ന് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുയോഗങ്ങൾ, പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുമ്പോൾ മുൻകരുതലെടുക്കണമെന്നാണ് അറിയിപ്പ്. ചൂട് ക്രമാതീതമായി കൂടുമ്പോൾ പേശി വലിവും ശരീര ശോഷണവും സാധാരണമാണ്. അമിതമായ വിയർപ്പ്, കഠിനമായ ക്ഷീണം, തലവേദന, തലകറക്കം, ഛർദി തുടങ്ങിയവ ശരീരശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. വിയർപ്പിലൂടെ ധാരാളം വെള്ളവും ലവണങ്ങളും നഷ്ടപ്പെടുന്നതു കൊണ്ടാണിത്. സൂര്യാഘാതമാണ് മറ്റൊരു ഭീഷണി. അന്തരീക്ഷ താപം അമിതമാകുമ്പോഴും കഠിനമായ വെയിൽ നേരിട്ട് ഏൽക്കുമ്പോഴുമാണ് സൂര്യാഘാത സാദ്ധ്യത. നാഡിമിടിപ്പ് വേഗത്തിലാവുക, കഠിനമായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ ലക്ഷണങ്ങളാണ്. ഉടൻ ചികിത്സ തേടണം.
നിർദേശങ്ങൾ പാലിക്കുക
വെയിലിൽ അസ്വസ്ഥത തോന്നിയാലുടൻ തണലിലേക്ക് മാറി വെള്ളം കുടിക്കുകയും നനച്ച തുണി കൊണ്ടു തുടച്ചു ദേഹം തണുപ്പിക്കുകയും വേണം.
ദാഹം തോന്നിയില്ലെങ്കിലും ഇടവിട്ടു ധാരാളം വെള്ളം കുടിക്കണം. ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, മോരുംവെള്ളം, കരിക്കിൻ വെള്ളം എന്നിവ നല്ലതാണ്.
ഗ്ലൂക്കോസ്, സോഡ, മറ്റു കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ ശരീരത്തിലെ ജലാംശം കുറയ്ക്കുമെന്നതിനാൽ ഒഴിവാക്കുക.
ഫാൻ, കൂളർ എന്നിവ യോഗസ്ഥലങ്ങളിൽ സജ്ജമാക്കണം, ശുദ്ധജലവും.
വയറിളക്കം മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവയ്ക്കു സാദ്ധ്യത കൂടുതലായതിനാൽ ഭക്ഷണപാനീയ ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം.