
കോട്ടയം: കൊടുംചൂടിൽ പ്രചാരണം നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുമ്പോഴും ജാഗ്രത പുലർത്തിക്കൊണ്ടുതന്നെ പ്രചാരണരംഗത്ത് സജീവമാണ് സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിന് ഒരു മാസത്തിലേറെ സമയമുണ്ടെങ്കിലും ഒരു നിമിഷവും കളയാതെയുള്ള പാച്ചിലിലാണ്. റോഡ്‌ഷോകൾ, സ്ഥാപനങ്ങളിൽ സന്ദർശനം, പ്രമുഖ വ്യക്തികളെ കണ്ടു പിന്തുണ തേടൽ ഒക്കെയാണു പ്രധാന പരിപാടികൾ. ആരാധനാലയങ്ങളിലെ ചടങ്ങുകളിലും മരണവീടുകളിലും അവർ ഓടിയെത്തുന്നു.
തോമസ് ചാഴികാടൻ
രാവിലെ കോട്ടയത്ത് പ്രധാന വ്യക്തികളെ സന്ദർശിച്ച് പിന്തുണ തേടി. മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയായ ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ചടങ്ങിലും തോമസ് ചാഴികാടൻ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് നാൽപതാം വെള്ളിയാഴ്ചാചരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പള്ളികളിൽ നടന്ന ചടങ്ങിലും സ്ഥാനാർത്ഥി പങ്കെടുത്തു. അതേസമയം എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ഗൃഹസന്ദർശനങ്ങളും കുടുംബയോഗങ്ങളും തുടരുകയാണ്.
ഫ്രാൻസിസ് ജോർജ്
മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരി ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷ ചടങ്ങുകളിൽ പങ്കെടുത്തു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ അഡ്വ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജനറൽ കൺവീനർ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ, ചാണ്ടി ഉമ്മൻ എം.എൽ.എ, സ്ഥാനാർത്ഥി അഡ്വ.ഫ്രാൻസിസ് ജോർജ് എന്നിവർ സംസാരിച്ചു.
പരാതികൾ കേട്ട് തുഷാർ
നാളുകളായി പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളും പ്രതിസന്ധികളും കേട്ടാണ് തുഷാറിന്റെ ദിനം തുടങ്ങുന്നത്. റബർ ഉൾപ്പെടെയുള്ള കാർഷിക മേഖലയുടെ പ്രതിസന്ധിയും ദിന ജീവിതത്തെ വരിഞ്ഞു മുറുക്കുന്ന പ്രശ്‌നങ്ങളും എല്ലാം ഏക പ്രതീക്ഷ എന്ന നിലയിൽ മുഖവുരയില്ലാതെ അവതരിപ്പിക്കുന്നു. ആത്മീയ മത മേലധ്യക്ഷൻമാരുമായുള്ള അനുഗ്രഹ കൂടിക്കാഴ്ച്ചകളിലായിരുന്നു രാവിലെ. മള്ളിയൂർ മഹാഗണപതി ക്ഷേത്ര ദർശനം നടത്തി. ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയെ കണ്ട് അനുഗ്രഹം വാങ്ങി. ലാളിത്യവും വാത്സല്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഏറെ ആത്മവിശ്വാസം നൽകി. അത്യപൂർവമായ ഗണപതിവിഗ്രഹവും സമ്മാനിച്ച് വിജയാശംസ നേർന്നാണ് അദ്ദേഹം യാത്ര അയച്ചത്. ഓമല്ലൂർ ഉമാ മഹേശ്വരി ക്ഷേത്രം മീനപ്പൂര മഹോത്സവത്തിൽ പ്രസാദഊട്ടിലും പങ്കെടുത്തു. മണർകാട് മർത്തമറിയം കത്തീഡ്രൽ സഹവികാരി ഫാ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്‌കോപ്പയുടെ സംസ്‌കാരത്തിലും പങ്കെടുത്തു.