പാലാ:വെള്ളാപ്പാട് വനദുർഗ്ഗ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ 'ജീവത എഴുന്നള്ളത്ത്' ഭക്തിസാന്ദ്രമായി.
ദേവി സിംഹാരൂഢയായി കുടികൊള്ളുന്ന വെള്ളാപ്പാട് ക്ഷേത്ര സങ്കേതത്തിൽ ആനയ്ക്ക് പ്രവേശനമില്ലാത്തതിനാലാണ് 'ജീവത' എഴുന്നള്ളിപ്പ് ഇവിടത്തെ ആചാരമായത്. മാവേലിക്കര മുളയ്ക്കൽ മഠത്തിലെ ജയപ്രകാശ് നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള വൈദികരാണ് ഭഗവതിയെ ജീവതയിലേറ്റി എഴുന്നള്ളിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിൽ ചുവട് വെയ്ക്കുന്നതിനൊപ്പം ഭക്തരും ആനന്ദനൃത്തമാടി മുന്നേറുന്നതാണ് ജീവത എഴുന്നള്ളത്തിന്റെ പ്രത്യേകത.
ളാലം മഹാദേവ ക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടെയും വിവിധ വാദ്യമേളങ്ങൾ എന്നിവയുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ
തെയ്യം, കഥകളി, കാളവേല, രാധാകൃഷ്ണനൃത്തം കരകാട്ടം, കാവടിയാട്ടം എന്നിവയും
ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ളാലം മഹാദേവേ ക്ഷേത്രം ഉപദേശക സമിതി, സേവാഭാരതി വിവിധ തൊഴിലാളി സംഘടനകൾ ഭക്തജന സംഘങ്ങൾ എന്നിവ സംയുക്തമായി വരവേൽപ് നൽകി.എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തിയ ശേഷം
താലം കാണൽ,വിളക്കൻപൊലി എന്നിവയും നടന്നു. ഉത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ 9 മുതൽ ഇരട്ടപൊങ്കാല. 12 മുതൽ പൂരം തൊഴൽ, പ്രസാദമൂട്ട്, വൈകിട്ട് ദീപാരാധയ്ക്ക് ശേഷം 7ന് പൂമൂടൽ രാത്രി എട്ടിന് പൂരം ഇടി.