venall

മുണ്ടക്കയം: മണൽക്കൂനയും വലിയ പാറക്കെട്ടുകളും അവശേഷിക്കുന്ന മണിമലയാറ്റിൽ താത്കാലിക ഓലികൾ തീർത്ത് പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ തൊഴിലുറപ്പ് തൊഴിലാളികൾ. പഞ്ചായത്തംഗം സി.വി. അനിൽകുമാറിന്റെ ശ്രമഫലമായി പ്രത്യേക സ്‌കീമിൽപ്പെടുത്തിയാണ് ഓലികൾ നിർമ്മിക്കുന്നത്. കലാദേവി, കല്ലേപ്പാലം ഭാഗത്ത് 12 ഓലികളാണ് നിർമ്മിച്ചിരിക്കുന്നത്. വേനൽ ശക്തി പ്രാപിച്ച സമയത്ത് ഈ ഭാഗത്ത് താത്കാലിക തടയണ നിർമ്മിച്ചിരുന്നു. നാളുകൾക്ക് മുൻപ് പ്രദേശവാസികൾക്ക് കുളിക്കുന്നതിനും മറ്റു വീട്ടാവശ്യങ്ങൾക്കും ഇവിടെ നിന്ന് ജലം ലഭിച്ചിരുന്നു. പൂർണമായും വറ്റിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. വർഷങ്ങൾക്ക് മുമ്പ് വേനൽക്കാലത്ത് ഉപയോഗിക്കാനായി ഓലികൾ ഉണ്ടായിരുന്നു. കോൺക്രീറ്റ് റിംഗ് ഇറക്കി സ്ലാബിട്ട് മൂടിയാണ് ഇത്തരം ഓലികൾ സംരക്ഷിച്ചിരുന്നത്. കടുത്ത വേനലിൽ മാത്രമാണ് ഇവിടെ നിന്ന് നാട്ടുകാർ ജലം ശേഖരിച്ചിരുന്നത്.

ഓലികൾ തകർത്തത് പ്രളയജലം

പ്രളയജലം കുത്തിയൊലിച്ചെത്തിയതോടെയാണ് ഓലികൾ പൂർണമായും തകർന്നത്. വേനൽ അതിരൂക്ഷമായതോടെ മലയോര മേഖലയിൽ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. പലയിടങ്ങളിലും പഞ്ചായത്തംഗങ്ങളുടെയും വിവിധ സന്നദ്ധ സം ഘടനകളുടെയും നേതൃത്വത്തിൽ കുടിവെള്ളമെത്തിച്ച് നൽകുന്നുണ്ട്. കൊടും വേനലിലും ജലസമൃദ്ധമായിരുന്ന മണിമലയാറിന്റെ പ്രധാന കയങ്ങളിലെല്ലാം പ്രളയത്തിൽ കല്ലും ചെളിയും വന്നു മൂടിയതോടെ അപ്രത്യക്ഷമായി.