
പങ്ങട: പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ നിന്നും ആരംഭിച്ച് പൊന്നപ്പൻ സിറ്റി- പാറാമറ്റം -ഗ്രീൻവാലി - കൊച്ചുപറമ്പ് കവല വഴി കൂരോപ്പട ടൗണിൽ എത്തുന്ന റോഡ് ബൈപാസ് ആക്കുവാൻ തീരുമാനം. പാമ്പാടിയിൽ നടന്ന നവകേരളസദസിൽ നല്കിയ അപേക്ഷയിലാണ് തിരുമാനം.
വെള്ളൂരിൽ നിന്നും കേവലം ആറ് കിലോമീറ്റർ യാത്ര ചെയ്താൽ കൂരോപ്പടയിൽ എത്താം. ഈ പാത ബി.എം.ആൻഡ് ബി.സി നിലവാരത്തിൽ വീതികൂട്ടി ബൈപാസ് റോഡ് ആക്കുവാൻ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ബൈപാസ് വരുന്നതോടെ കൂരോപ്പട പഞ്ചായത്തിന്റെ സമഗ്രവികസനത്തിന് കുതിപ്പേകും. ചരിത്ര പ്രാധാന്യമുള്ള മാതൃമല രാജരാജേശ്വരി ക്ഷേത്രം, കൂരോപ്പട ശ്രീധർമ്മശാസ്താക്ഷേത്രം എന്നീ ആരാധനാലയങ്ങളും അരുവിക്കുഴി വിനോദസഞ്ചാര കേന്ദ്രവും ഈ പാതയോരത്താണ്. ശബരിമല തീർത്ഥാടനപാതയിൽ അയ്യപ്പക്ഷേത്രങ്ങൾ കുറവാണെന്നിരിക്കെ കൂരോപ്പട ക്ഷേത്രത്തിൽ വിരിവയ്കാനുള്ള സൗകര്യമുണ്ട്. പള്ളിക്കത്തോട് കൂരാലി വഴി പൊൻകുന്നത്തേക്കും തമ്പലക്കാട് വഴി കാഞ്ഞിരപള്ളിയിലേക്കും ഈ റൂട്ടിലൂടെ വേഗത്തിൽ എത്താമെന്നതിനാൽ ശബരിമല തീർത്ഥാടകർക്ക് ഈ പാത ഏറെ ഗുണപ്പെടും. തിരക്കേറിയ കെ.കെ.റോഡിലൂടെയുള്ള യാത്ര 28കിലോമീറ്റർ വഴി തിരിച്ചുവിടുവാൻ ഉതകുന്ന ബദൽ പാതകൂടിയാണിത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട വഴി വാഗമൺ ഇടുക്കി ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്താമെന്നതിനാൽ ബൈപാസ് റൂട്ട് ഉപയോഗപ്പെടുത്തി ബസ് സർവീസുകൾ കൂടി ആരംഭിച്ചാൽ വീനോദസഞ്ചാര സാദ്ധ്യതകളും വർദ്ധിക്കും. വെള്ളൂർ-ഗ്രീൻവാലി-കൂരോപ്പട ബൈപ്പാസ് യാഥാത്ഥ്യമാകുന്നതിലുള്ള ആഹ്ലാദത്തിലാണ് നാട്ടുകാർ.