police

വാഴൂർ: ചാമംപതാൽ എസ്.ബി.ടി. ജംഗ്ഷനിൽ വലിയപറമ്പിൽ ബിയമ്മയുടെ വീട്ടിൽ മോഷണം. 13 പവൻ സ്വർണവും 60,000 രൂപയും നഷ്ടപ്പെട്ടു. വീടിന്റെ വാതിൽ പൊളിച്ചാണ് കവർച്ച നടത്തിയത്. മോഷണം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മകൻ താലിബിന്റെ ഭാര്യ അൻസൽനയും കുട്ടികളും രണ്ടാഴ്ച മുൻപാണ് വിദേശത്തുള്ള താലിബിന്റെ അടുക്കലേക്ക് പോയത്. സമീപത്തുള്ള മകൻ സലീമിന്റെ വീട്ടിലായിരുന്നു ബിയമ്മ. ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വിവരമറിയിച്ചതിനെ തുടർന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല. വീടിന് അടുത്തുള്ള തോട്ടിലൂടെ ഓടിയ പൊലീസ് നായ അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്ത് വരെ ചെന്നു നിന്നു. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി.