fra

കോട്ടയം : ​തിരഞ്ഞെടുപ്പിലേയ്ക്കുള്ള ദിവസമടുക്കും തോറും ജനങ്ങളുമായുള്ള ബന്ധം കൂടുതൽ അടുപ്പിക്കുകയാണ് സ്ഥാനാർത്ഥികൾ. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷന് ഇന്ന് തുടക്കമാകും. ആദ്യം പ്രചാരണത്തിന് തുടക്കമിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്നലെ അവധിയെടുത്തപ്പോൾ വ്യക്തിപരമായ വോട്ടുകളിൽ കണ്ണെറിഞ്ഞായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന്റെ പ്രചാരണം.

 ഉഷാറിൽ തുഷാർ വെള്ളാപ്പള്ളി

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് കെ.പി.എസ് മേനോൻ ഹാളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. 5000 ഓളം പ്രവർത്തകർ പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ ജി.ലിജിൻ ലാൽ അറിയിച്ചു. പാഴൂർ പെരും തൃക്കോവിലിലെ ദർശനത്തോടെയാണ് ഇന്നലെ തുഷാർ പ്രചാരണത്തിന് തുടക്കമിട്ടത്. മൂവാറ്റുപുഴയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പൈതൃക സമ്പന്നമായ 'പാഴൂർ പടിപ്പുര'യും സന്ദർശിച്ചു. തുടർന്ന് പിറവം സെന്റ് മേരീസ് യാക്കോബായ പള്ളിയിലെത്തി ഇടവക വികാരി ഫാ. വർഗീസ് പനിച്ചിലുമായി കൂടിക്കാഴ്ച. പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഏലിയാസ് ചെറുകാടിനെയും സന്ദർശിച്ച് അനുഗ്രഹം വാങ്ങി. മോദി സർക്കാരിന്റെ വികസനം ഉയർത്തിയാണ് വോട്ട് പിടിക്കുന്നത്.

 ഊർജിതം ഫ്രാൻസിസ്

കിടങ്ങൂർ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ, കോൺവെന്റുകൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിച്ചായിരുന്നു ഫ്രാൻസിസ് ജോർജിന്റെ തുടക്കം . കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.മോൻസ് ജോസഫ് എം എൽ എ സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിൽ പങ്കു ചേർന്നു. ഉച്ചയോടെ പര്യടനം കുലശേഖരപുരം മങ്ങാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെത്തി. കാവിലെ പൂരത്തിന് ആശംസകൾ നേർന്ന് നാട്ടുകാരുമായി സൗഹൃദ സംഭാഷണവും നടത്തി. തുടർന്ന് പെരുവ കവലയിലെത്തിയ സ്ഥാനാർത്ഥിയ്ക്കാണ് വൻ സ്വീകരണമാണ് ലഭിച്ചത്.