കോട്ടയം: പത്തു ദിവസം കോട്ടയം നഗരത്തെ ഇളക്കി മറിച്ച തിരുനക്കര ഉത്സവത്തിന് കൊടിയിറങ്ങി. ഇന്നലെ രാവിലെ കൊടിമരചോട്ടിൽ പറയെടുപ്പിന് ശേഷം തൃക്കടവൂർ ശിവരാജു ആണ് തിരുനക്കര അപ്പന്റെ തിടമ്പേറ്റി അമ്പലക്കടവ് ദേവി ക്ഷേത്രത്തിലെ ആറാട്ടുകടവിലേക്ക് പോയത് . ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ദേവൻ ആറാടിയ ശേഷം
തിരിച്ച് അമ്പലക്കടവു മുതൽ വഴിനീളെയുള്ള സ്വീകരണമേറ്റു വാങ്ങി പുലർച്ചെയോടെയാണ് തിരുനക്കര ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ എത്തിയത്. തിരുനക്കര ആറാട്ടിന് മഴയെന്ന പതിവു തെറ്റിക്കാതെ മഴ സന്ധ്യയോടെ പെയ്തെങ്കിലും ആറാട്ടിന്റെ ആവേശം കെടുത്താതെ കുളിർമ പകർന്നു. ദീപ കാഴ്ചയോടെയുള്ള ആറാട്ട് എതിരേൽപ്പിന് ശേഷം 5ന് കൊടിയിറങ്ങി.
ഇന്നലെ രാവിലെ ആറാട്ടു സദ്യയിൽ പതിനായിരത്തിലേറെ പേർ പങ്കെടുത്തു. വൈകിട്ട് വളയപ്പെട്ടി സുബ്രഹ്മണ്യം, ഡി.ബാലാജി ശിലമ്പരൻ ടീമിന്റെ നാദസ്വര കച്ചേരിയും ചിന്മയ സിസ്റ്റേഴ്സ് ചെന്നൈയുടെ സംഗീതസദസും ആസ്വദിക്കാനും ആസ്വാദകർ ഏറെയായിരുന്നു.