road

കടുത്തുരുത്തി: ആയാംകുടി എഴുമാന്തുരുത്ത് മുളങ്ങളം റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടക്കാത്തതിൽ പ്രതിഷേധവുമായി മോൻസ് ജോസഫ് എം.എൽ.എ രംഗത്ത്.

നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും ഇപ്പോൾ മുടങ്ങിയ അവസ്ഥയിലാണ്. പൊളിഞ്ഞു കിടന്ന റോഡിന്റെ ടാറിംഗ് ജെസിബി ഉപയോഗിച്ചു കരാറുകാരൻ നീക്കിയെങ്കിലും മറ്റു ജോലികളിലേക്ക് കടന്നിട്ടില്ല. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽ നടയാത്രയും ദുരിതത്തിലായി. സമീപ വാസികൾക്ക് പൊടിശല്യം കൊണ്ട് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത നിലയിലാണ്. സർക്കാരിൽനിന്ന് കോടികൾ കിട്ടാനുണ്ടെന്നാണ് കരാറുകാരൻ പറയുന്നത്. ഇതുകിട്ടാതെ തുടർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ നിർവാഹമില്ലെന്നും അദ്ദേഹം പറയുന്നു.

ഈ റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി റിയാസ് കെങ്കേമമായി നടത്തിയിരുന്നു. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഇതിനോടകം നിരവധി സമരങ്ങൾ ഇവിടെ നടന്നു കഴിഞ്ഞു.
സർക്കാരിൽ നിന്നും ഫണ്ട് ലഭ്യമാക്കാൻ മോൻസ് ജോസഫ് എം.എൽ.എ,​ വൈക്കം എം.എൽ എ എന്നിവർ പൊതുമരാമത്ത്,​ ധനകാര്യകാര്യ വകുപ്പ് മന്ത്രിമാരെ കണ്ട് ചർച്ചകൾ നടത്തിയിട്ടും ഫണ്ട് എത്തിയില്ല.

റോഡ് നിർമ്മാണത്തിൽ മുന്നണികൾ പരസ്പരം പഴിചാരുകയാണ് ഇപ്പോൾ. കടുത്തുരുത്തി വൈക്കം നിയോജകമണ്ഡലത്തിലൂടെ കടന്നു പോകുന്നതിനാൽ എം.എൽ.എമാരെ പഴിചാരിയാണ് എൽ.ഡി.എഫ് ഈ വിഷയത്തിൽ പ്രചാരണം നടത്തുന്നത്.
യഥാർത്ഥ വസ്തുത മറച്ചു വെച്ചു കൊണ്ട് തടി രക്ഷിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് ഇടതുമുന്നണി പ്രവർത്തകർ നടത്തുന്നതെന്ന് വലതുപക്ഷവും ആരോപിക്കുന്നു.
യു.ഡി.എഫും എം.എൽ.എയും ഈ വിഷയത്തിൽ അനശ്ചിത കാല സമരത്തിനുളള നീക്കത്തിലുമാണ്. മാസങ്ങളായി റോഡിന്റെ ദുരവസ്ഥയിൽ ആയിരക്കണക്കിനു വീട്ടുകാർ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരവുമില്ല