chakyarkooth

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നാലമ്പലത്തിനകത്ത് വെള്ളിയാഴ്ച വൈകിട്ട് നടന്ന ചാക്യാർകൂത്ത് ആസ്വദിക്കാൻ നിരവധി ഭക്തർ എത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിൽ രാജഭരണകാലം മുതൽ നിലനിന്നിരുന്ന പൗരാണികമായ ആചാരമായിരുന്നു ചാക്യാർകൂത്ത്. നാല് പതിറ്റാണ്ട് കാലമായി ഈ ആചാരം നിലച്ചപോയി. ചാക്യാർകൂത്ത് വൈക്കം ക്ഷേത്രത്തിൽ പുനരാരംഭിക്കുവാൻ ക്ഷേത്രം ഉപദേശകസമിതിയുടേയും ദേവസ്വം അധികാരികളുടേയും ഭക്തജനങ്ങളുടേയും നിരന്തരമായ ഇടപെടലിനെ തുടർന്നാണ് ദേവസ്വം ബോർഡ് ചാക്യാർകൂത്ത് പുനരാരംഭിക്കുവാൻ അനുമതി നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനയുടെ മുഹൂർത്തത്തിൽ നാലമ്പലത്തിനകത്ത് ചാക്യാർകൂത്ത് അരങ്ങേറി. പൗരാണികമായ ഈ ചടങ്ങിൽ കിരാതം കഥയാണ് പ്രശസ്ത ആചാര്യൻ പൊതി നാരായണ ചാക്യാർ അവതരിപ്പിച്ചത്. ചാക്യാർകൂത്തിന്റെ പ്രധാന വാദ്യമായ മിഴാവ് കെ.എസ് ആദിത്യനാണ് കൈകാര്യം ചെയ്തത്. വൈക്കം ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കൽ ക്ഷേത്രത്തിലെ ക്ഷേത്രോപദേശക സമിതിയാണ് വഴിപാടായി ഈ ചടങ്ങ് നടത്തിയത്. ശ്രീകോവിലിൽ നിന്നും പകർന്നെടുത്ത ദീപം ചാക്യാർകൂത്തിന്റെ ഭാഗമായുള്ള വിളക്കിൽ ആചാരപൂർവ്വം ദേവസ്വം അധികാരികൾ തെളിയിച്ചു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.എസ് വിഷ്ണു, കാലാക്കൽ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.എസ് അജിമോൻ, സെക്രട്ടറി ശ്രീരാജ്, വൈസ് പ്രസിഡന്റ് കെ.കെ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.