ചങ്ങനാശേരി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്ന ടോറസ് ടിപ്പറുകളുടെ അമിതവേഗം നിയന്ത്രിക്കുവാൻ നടപടികൾ ഉണ്ടാകണമെന്ന് സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ സ്പീഡ് ഗവേണറുകൾ ഉണ്ടെങ്കിലും മിക്കതും പ്രവർത്തന രഹിതമാണ്. ഇതിനെതിരെ ഉത്തരവാദിത്തപ്പെട്ടവർ ശക്തമായ നടപടികൾ എടുക്കണം. എംസി റോഡ്, ബൈപാസ്, എ.സി റോഡ് എന്നിവിടങ്ങളിലെ അനധികൃത പാർക്കിംഗും അപകടങ്ങൾക്ക് കാരണമാകുന്നു. പിക്കപ് വാനുൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിലെ ഇടറോഡിൽകൂടി അമിത വേഗത്തിലാണ് പായുന്നത്. സ്‌കൂൾ സമയങ്ങളിൽ പോലും സമയനിയന്ത്രണം പാലിക്കാതെയുള്ള ഇവരുടെ ഓട്ടം നിർത്തലാക്കണമെന്നും സിറ്റിസൺ സോഷ്യൽ സർവീസ് സൊസൈറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസുകുട്ടി നെടുമുടി അദ്ധ്യക്ഷത വഹിച്ചു. ഡോ. റൂബിൾരാജ്, സെക്രട്ടറി വിമൽചന്ദ്, അഡ്വ. തോമസ് ആന്റണി, ഡോ. ബിജു മാത്യു, റഹൂഫ് റഹീം, പി.എസ്. ശശീധരൻ, ആന്റണി വർഗ്ഗിസ് എന്നിവർ സംസാരിച്ചു.