
കടുത്തുരുത്തി: മണ്ണുമായി പോയ ടോറസിന്റെ പിൻവാതിൽ തുറന്നു മണ്ണും കല്ലും റോഡിൽ തെറിച്ചു വീണു. വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ 6.30 ന് കുറുപ്പന്തറ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ കുറവിലങ്ങാട് റോഡിലാണ് സംഭവം. ടോറസിലുണ്ടായിരുന്ന പകുതിയിലധികം മണ്ണും റോഡിൽ വീണു. നാട്ടുകാരെത്തി മണ്ണും കല്ലും നീക്കിയെങ്കിലും പിന്നാലെ വന്ന വാഹനങ്ങൾ കയറി റോഡിൽ മണ്ണ് ഉറച്ചു പോയി. കടുത്തുരുത്തിയിൽ നിന്നും പൊലീസും അഗ്‌നിശമന സേനയുമെത്തി റോഡിൽ നിന്നും മണ്ണു മാറ്റാൻ നടപടി സ്വീകരിച്ചു. റോഡിൽ ഉറച്ചുപോയ മണ്ണ് ജെ.സി.ബി എത്തിച്ച് മാറ്റുകയായിരുന്നു.