venall

മുണ്ടക്കയം: വേനൽ കടുത്തതോടെ മണിമലയാർ വറ്റി വരണ്ടു. എങ്ങും തലയുയർത്തി നിൽക്കുന്ന പാറക്കെട്ടുകളും മണൽക്കൂനകളും മാത്രം. കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ് നാട്ടുകാർ. പണം നൽകി കുടിവെള്ളം വാങ്ങാമെന്നു വച്ചാലോ അതും സമയത്ത് കിട്ടാത്ത അവസ്ഥ. കുടിവെള്ളം വിൽപ്പന നടത്തുന്നവർ കുടിവെള്ളം ശേഖരിച്ച മിക്ക കിണറുകളിലെ വെള്ളവും വറ്റിയതോടെ കിലോമീറ്ററുകൾ താണ്ടിയാണ് അവർ കുടിവെള്ളം കൊണ്ടുവരുന്നത്. ഇതാവട്ടെ കുടിവെള്ളത്തിന്റെ വില കുത്തനെ കൂടാൻ ഇടയാക്കുന്നു. വറ്റാത്ത കിണറുകൾ വരെ വറ്റിത്തുടങ്ങിയതായി പഴമക്കാർ പറയുന്നു. പണ്ടു കാലത്ത് ഇതുപോലെ കടുത്ത വേനലിൽ നാട്ടുകാർ വെള്ളം കണ്ടെത്തിയിരുന്നത് മണിമലയാറ്റിൽ ആഴത്തിൽ കുഴിയെടുത്ത് ഒാലികൾ ഒരുക്കിയായിരുന്നു. കോൺക്രീറ്റ് റിംഗ് ഇറക്കി സ്ലാബിട്ട് മൂടിയ ഒാലികൾ വരെയുണ്ടായിരുന്നു. കാലം പുരോഗമിച്ചതോടെ ഒാലികൾ തയാറാക്കാൻ ആരും മുന്നോട്ടുവരാത്ത അവസ്ഥയായി. ഇപ്പോഴിതാ മുണ്ടക്കയത്ത് കുടിവെള്ളക്ഷാമത്തിന് ഒരറുതി വരുത്താൻ ഒാലികൾ ഒരുക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ.

പഞ്ചായത്തംഗം സി.വി. അനിൽകുമാറിന്റെ ശ്രമഫലമായി പ്രത്യേക സ്‌കീമിൽപ്പെടുത്തിയാണ് ഓലി നിർമ്മാണം. കലാദേവി, കല്ലേപ്പാലം ഭാഗത്ത് 12 ഓലികൾ ഇതുവരെ നിർമ്മിച്ചു. വേനൽ ശക്തി പ്രാപിച്ചുവരുന്ന സമയത്ത് ഈ ഭാഗത്ത് താത്കാലിക തടയണ നിർമ്മിച്ചിരുന്നു. പ്രദേശവാസികൾ കുളിക്കുന്നതിനും മറ്റു വീട്ടാവശ്യങ്ങൾക്കും ഇവിടെ നിന്ന് ജലം ശേഖരിച്ചു വരികയായിരുന്നു പ്രദേശവാസികൾ. തടയണയിലെ വെള്ളവും പൂർണമായും വറ്റിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

എല്ലാവർഷവും ഉപയോഗിക്കാവുന്ന തരത്തിൽ കോൺക്രീറ്റ് റിംഗ് ഇറക്കി സ്ലാബിട്ട ഒാലികൾ ഒരുക്കാമെങ്കിലും മഴക്കാലത്ത് മണിമലയാർ നിറഞ്ഞുകവിഞ്ഞൊഴുകുന്നതും ഇരച്ചെത്തുന്ന പ്രളയജലവുമെല്ലാം ഭീഷണിയാണ്. വേനൽ അതിരൂക്ഷമായതോടെ മലയോര മേഖലയിൽ പഞ്ചായത്തംഗങ്ങളുടെയും വിവിധ സന്നദ്ധ സം ഘടനകളുടെയും നേതൃത്വത്തിൽ വിവിധ മേഖലകളിൽ കുടിവെള്ളമെത്തിച്ച് നൽകുന്നുണ്ട്. പഴയകാലത്തെ കയങ്ങളൊന്നും ഇന്ന് മണിമലയാറ്റിലില്ല. അവയെല്ലാം ചെളിയും മണ്ണും അടിഞ്ഞ് നികന്നുപോയിരിക്കുന്നു.