thushar

കോട്ടയം: രണ്ടാംഘട്ട പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ജനമനസിലേയ്ക്ക് ഇടിച്ചുകയറുകയാണ് സ്ഥാനാർത്ഥികൾ. എൽ.ഡി.എഫ്,​ യു.ഡി.എഫ് എൻ.ഡി.എ ക്യാമ്പുകൾ പ്രതീക്ഷയുടെ പരകോടിയിൽ. സ്ഥാനാർത്ഥികളായ തോമസ് ചാഴികാടനും ഫ്രാൻസിസ് ജോർജും തുഷാർ വെള്ളാപ്പള്ളിയും പരമാവധി വോട്ടുകളുറപ്പിക്കാനുള്ള ഓട്ടത്തിലും.

 തോമസ് ചാഴികാടൻ

ഇന്നലെ രാവിലെ ഇടവക ദേവാലത്തിലെ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്താണ് ചാഴികാടൻ തുടങ്ങിയത്. വിവാഹങ്ങളിലും സ്ഥാനാർത്ഥി പങ്കെടുത്തു. വധു വരൻമാർക്ക് ആശംസകൾ നേർന്നു. തുടർന്ന് കോട്ടയത്ത് സൗഹൃദ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി വോട്ടർമാരെ നേരിൽ കണ്ടു. രാത്രി ഇറഞ്ഞാലിൽ കുടുംബയോഗത്തിനെത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ സ്വീകരിച്ചു. ചെറിയ വാക്കുകളിൽ വികസനം പറഞ്ഞ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് സ്ഥാനാർത്ഥിയുടെ ചെറു പ്രസംഗം. പിന്നാലെ നൽകിയ ലഘുഭക്ഷണം എല്ലാവർക്കും ഒപ്പമിരുന്ന് കഴിച്ചു മടക്കം. ഇന്നും സൗഹൃദ സന്ദർശനങ്ങളിലൂടെ പരമാവധി വോട്ടർമാരെ കാണാനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.

 ഫ്രാൻസിസ് ജോർജ്

കൺവെൻഷനുകളിലാണ് ഫ്രാൻസിസ് ജോർജ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണ വിരുദ്ധ വികാരമാണ് പ്രധാനമായും ഉയർത്തുന്നത്. രാവിലെ അതിരമ്പുഴ പള്ളിയിൽ ഓശാന ശുശ്രൂഷയിൽ പങ്കെടുത്താണ് തുടങ്ങിയത്.

കുമാരനെല്ലൂർ, കോട്ടയം ഈസ്റ്റ്, ചിങ്ങവനം, വിജയപുരം, വൈക്കം ടി.വി പുരം, കല്ലറ, വെച്ചൂർ, തിരുവാങ്കുളം, ചോറ്റാനിക്കര, മണീട്, കടുത്തുരുത്തി തുടങ്ങിയ ഇടങ്ങളിലായിരുന്നു കൺവെൻഷൻ.

 തുഷാർ വെള്ളാപ്പള്ളി

രാവിലെ വ്യക്തിപരമായി ആളുകളെ സന്ദർശിച്ച് വോട്ടുതേടുന്ന തിരക്കിലായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ. മത സാമുദായിക നേതാക്കളെ കണ്ട് അനുഗ്രഹം തേടി. വൈകിട്ടായിരുന്നു വിപുലമായ തിരഞ്ഞെടുപ്പ് കൺവെൻഷൻ. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത കൺവെഷനിൽ ആയിരങ്ങൾ പങ്കെടുത്തു.

മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു: സുരേന്ദ്രൻ

കോട്ടയം: പൗരത്വ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. പുതിയ ഭേദഗതിയിലൂടെ ആരുടെയും പൗരത്വം നഷ്ടമാകുന്നില്ല. അഭയാർത്ഥികളായ, മതത്തിന്റെ പേരിൽ പീഡനം നേരിടുന്നവർക്ക് പൗരത്വം നൽകാനാണ് ശ്രമം. അതിനെ വസ്തുതാ വിരുദ്ധമായി പ്രചരിപ്പിച്ചു നേട്ടം കൊയ്യാനാണ് നീക്കം. വർഗീയ പ്രശ്‌നങ്ങളുണ്ടാക്കി വോട്ട് നേടുന്ന നിലവാരത്തകർച്ചയിലേക്ക് ഇരുമുന്നണികളും മാറിക്കഴിഞ്ഞു. മതന്യൂനപക്ഷങ്ങളെ ബഹുമാനിക്കുന്ന നാടാണ് കേരളം. റഷ്യയിൽ ഭീകരാക്രമണത്തിൽ 135 പേർ മരിച്ചു. കേരളത്തിൽ ഏതെങ്കിലും പാർട്ടി പ്രതികരിച്ചോ. റഷ്യയിൽ കൊലപ്പെടുത്തിയപ്പോൾ പ്രതിഷേധമില്ല. മറ്റു ചില സ്ഥലങ്ങളുടെ പേരിൽ എന്നും പ്രതിഷേധം.ഇത് എന്ത് ന്യായം. ചിലരെ മാത്രം സന്തോഷിപ്പിക്കുന്നു.

കർഷർക്കു വേണ്ടി രണ്ടു കേരളാ കോൺഗ്രസുകൾ എന്തു ചെയ്തു. തുഷാർ വെള്ളാപ്പള്ളി ഉറപ്പു നൽകിക്കഴിഞ്ഞു, ജയിപ്പിച്ചാൽ റബർ വില 250 രൂപയിലെത്തുമെന്ന്. ഇതിനായി പലതവണ ‌ഡൽഹിയിൽപോയി. കേന്ദ്രമന്ത്രി നിർമ്മല സീതാരാമനെ കണ്ടു സംസാരിച്ചു. മോദി സർക്കാർ വന്നാൽ എല്ലാം സാദ്ധ്യമാകും. കേരളത്തെ വിനാശ ശക്തികളിൽ നിന്നു മോചിപ്പിക്കാനും സാമൂഹിക നീതിക്കും തുഷാർ വെള്ളാപ്പള്ളി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിയെ കെ. സുരേന്ദ്രനും ജില്ലാ ചെയർമാൻ ജി.ലിജിൻലാലും പൊന്നാട അണിയിച്ചു. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എൻ പി സെൻ, അഡ്വ ജോർജ് കുര്യൻ, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പദ്മകുമാർ തുടങ്ങിയവർ സംസാരിച്ചു.