vasavan

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന രാഷ്ട്രീയ സാഹചര്യമാണെന്ന് മന്ത്രി വി.എൻ.വാസവൻ. ഇലക്ടറൽ ബോണ്ട്, പൗരത്വ ബിൽ, കേരളത്തെ സാമ്പത്തികമായി തകർക്കാൻ നോക്കിയ കേന്ദ്രത്തിന് സുപ്രീംകോടതി വഴി ലഭിച്ച അടി ഇതെല്ലാം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളകൗമുദിയുമായി അദ്ദേഹം മനസ് തുറക്കുന്നു.

തോമസ് ചാഴികാടന്റെ കാലുമാറ്റം വിജയത്തെ ബാധിക്കുമോ ?

എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്ന ജനാധിപത്യ കേരള കോൺഗ്രസ് ചെയമാനായിരുന്ന ഫ്രാൻസിസ് ജോർജാണ് കാലുമാറിയത്. യു.ഡി.എഫിൽ നിന്ന് പുറത്താക്കിയപ്പോഴാണ് കേരള കോൺഗ്രസ് (എം) മുന്നണി വിട്ട് എൽ.ഡി.എഫിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ജയിച്ച ഫ്രാൻസിസ് ജോർജ് വ്യക്തിപരമായ ആവശ്യത്തിന് കാലുമാറിയതാണ്. ചാഴികാടൻ ഒരേ ചിഹ്നത്തിലാണ് ഇതുവരെ മത്സരിച്ചിട്ടുള്ളത്.

റബർ വിലയിടിവ് എങ്ങനെ പ്രതിഫലിക്കും ?

കേന്ദ്ര സർക്കാരാണ് റബറിൽ ഒളിച്ചുകളി നടത്തുന്നത്. ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുന്നതിനൊപ്പം കൂടുതൽ റബർ കയറ്റുമതി ചെയ്യാനുള്ള ക്രിയാത്മക നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നെങ്കിൽ അന്താരാഷ്ട്ര വില ഇവിടെയും ലഭിക്കും. ഇറക്കുമതിയ്ക്ക് അനുകൂലമായ ആസിയാൻ കരാർ നടപ്പാക്കിയ കോൺഗ്രസിനും ഒഴിഞ്ഞു മാറാനാവില്ല.

എൻ.ഡി എ സ്ഥാനാർത്ഥിയായി തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നത് ദോഷകരമാവില്ലേ?

കഴിഞ്ഞ ലോക്‌സഭ - നിയമസഭ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ എൻ.ഡി.എയ്ക്ക് നാലര ശതമാനം വോട്ടു കുറഞ്ഞു. പൗരത്വ ബിൽ, മണിപ്പൂരിലെ സംഘർഷം തുടങ്ങി ന്യൂനപക്ഷ വിരുദ്ധമായ നടപടികൾ കാരണം എൻ.ഡി.എ വോട്ടുവിഹിതം ഈ തിരഞ്ഞെടുപ്പിൽ വീണ്ടും കുറയും.

 ഇന്ത്യ മുന്നണി നേതാക്കളായ ആനിരാജയും രാഹുൽ ഗാന്ധിയും നേർക്കു നേരേ മത്സരിക്കുന്നത് ?

രാഹുൽ ഗാന്ധിയായിരുന്നു അതേക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നത്. ഇന്ന് രാവിലത്തെ കോൺഗ്രസ് വൈകിട്ട് ബി.ജെ.പി എന്ന് മാറ്റി പറയേണ്ട സ്ഥിതിയായി.