പാണ്ഡ്യൻമാവ് ഒന്നാം വളവിലെ കലുങ്ക് ഏതുനിമിഷവും ഇടിഞ്ഞുവീഴാം

മേലുകാവ്: പാണ്ഡ്യൻമാവ് കലുങ്ക് ഏതുനിമിഷവും ഇടിഞ്ഞുവീഴാം. ഇവിടെ റോഡിൽ എട്ടടി നീളത്തിലാണ് വിള്ളൽ. കലുങ്കിനൊപ്പം റോഡിന്റെ ഒരു ഭാഗവും തകർന്നേക്കാം. കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല പ്രധാനപാതയിൽ പാണ്ഡ്യൻമാവ് ഒന്നാം വളവ് ഭാഗത്ത് ബസ് സ്റ്റോപ്പിലെ കലുങ്കാണ് അപകടാവസ്ഥയിലുള്ളത്.വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുന്ന ഭാഗം കൂടിയാണിത്. യാത്രക്കാർ ഏറെയുണ്ടെങ്കിലും ഇവിടെ കാത്തിരിപ്പ് കേന്ദ്രമില്ല. ആറ് ഇഞ്ച് വീതിയിലാണ് പിളർപ്പ്. വലിയൊരു വാഹനം വന്നാൽ ഒരുപക്ഷേ കലുങ്ക് നിലംപതിക്കാം. കലുങ്ക് തകരുന്നതോടൊപ്പം ഈ ഭാഗത്തെ റോഡും തകരുമെന്നുറപ്പ്. അങ്ങനെ സംഭവിച്ചാൽ വലിയയൊരു അപകടത്തിനും സാധ്യത ഏറെയാണ്.

റി ടാറിംഗിനൊപ്പം പുനർനിർമ്മിക്കണം

നിലവിൽ റോഡിൽ റി ടാറിംഗ് പണികൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ കലുങ്ക് പുനർനിർമ്മിക്കണമെന്നാണ് ആവശ്യം. ഈ ഭാഗത്തെ വളവ് നിവർത്തണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. വളവിൽ കാഴ്ച മറയ്ക്കുന്ന തരത്തിൽ വലിയൊരു മരവുമുണ്ട്.

പാണ്ടിയാമ്മാവ് ഒന്നാം വളവിലെ കലുങ്ക് എത്രയും വേഗം പുനർനിർമ്മിക്കാൻ അധികാരികൾ തയാറാകണം. ഒരു ദുരന്തം വരുന്നതുവരെ ഇക്കാര്യത്തിൽ കാത്തിരിപ്പ് പാടില്ല

പി. പോത്തൻ, പാലാ പൗരസമിതി പ്രസിഡന്റ്

ഫോട്ടോ അടിക്കുരിപ്പ്

കാഞ്ഞിരപ്പള്ളികാഞ്ഞിരംകവല റോഡിൽ മേലുകാവ് പാണ്ടിയാമ്മാവ് വളവിൽ അപകടസ്ഥിതിയിലുള്ള കലുങ്ക്