
കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കഞ്ചാവ് ചെടികൾ വളർത്തിയെന്ന റേഞ്ച് ഓഫീസർ ഇ.ബി. ജയന്റെ റിപ്പോർട്ടിലും തുടർനടപടിയിലും അടിമുടി ദുരൂഹത. തനിക്കെതിരെ മുൻപ് പരാതി നൽകിയ വനിതാ ജീവനക്കാരടക്കമുള്ളവരെ കുടുക്കാൻ ജയൻ ഒരുക്കിയ തിരക്കഥയാണെന്ന് ഒരുവിഭാഗം ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇത് സാധൂകരിക്കും വിധമാണ് കോട്ടയം ഡി.എഫ്.ഒയുടേയും റിപ്പോർട്ട്.
അതിനിടെ, കഞ്ചാവ് വളർത്തിയെന്ന് സമ്മതിച്ച് നേരത്തെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട വാച്ചർ അജേഷും ജയനെതിരെ രംഗത്തെത്തി. തന്നെകൊണ്ട് നിർബന്ധിച്ച് വീഡിയോ എടുപ്പിക്കുകയായിരുന്നുവെന്നും മൂന്ന് വെള്ളക്കടലാസുകളിൽ ഒപ്പിട്ട് വാങ്ങിയിരുന്നു എന്നുമാണ് ഇയാളുടെ പരാതി.
ജയന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോർട്ട് ഇദ്ദേഹം നൽകിയതെന്ന് വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നു. 40 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്നത് വിശ്വസനീയമല്ലെന്നും ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മാത്രമല്ല, കഞ്ചാവ് ചെടികളുടെ പടമല്ലാതെ അവ വളർത്തി എന്നതിന് മറ്റുതെളിവുകളൊന്നും ഉണ്ടായിരുന്നില്ല.
റിപ്പോർട്ടിലെ തീയതിയിലും സംശയം
ഓഫീസിൽ കഞ്ചാവ് ചെടികൾ വളർത്തിയെന്ന് കാട്ടി ജയൻ നൽകിയ റിപ്പോർട്ടിലെ തീയതിയിലും സംശയമുണ്ട്. റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന തീയതി മാർച്ച് 16 എന്നാണ്. കഴിഞ്ഞ19 നാണ് ജയനെ സ്ഥലംമാറ്റി ഉത്തരവ് വന്നത്. ഇതിനുശേഷം 21ന് 16-ാം തീയതിയെന്ന് രേഖപ്പെടുത്തി റിപ്പോർട്ട് നൽകുകയായിരുന്നു എന്നാണ് ആക്ഷേപം. ജയനെതിരെ പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ പേരടക്കം റിപ്പോർട്ടിലുണ്ട്.
''കഞ്ചാവ് കണ്ടെത്തിയെന്ന റിപ്പോർട്ട് നൽകിയെങ്കിലും ഇ.ബി. ജയൻ ആർക്കെതിരെയും നടപടി സ്വീകരിക്കാതിരുന്നത് സംശയകരമാണ്. മാതൃകാപരമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും അതിൽ പരാമർശിച്ചിട്ടുണ്ട്. ഫോറസ്റ്റ് വിജിലൻസാണ് തുടർനടപടികൾ സ്വീകരിക്കേണ്ടത്
-കോട്ടയം ഡി.എഫ്.ഒ