road

വൈക്കം: ഓടയില്ലെങ്കിൽ അത് വലിയ അബദ്ധമാകും. ആധുനിക നിലവാരമെന്ന് പറഞ്ഞിട്ട് കാര്യമില്ല. വെള്ളക്കെട്ടാകും. പിന്നെ റോഡ് തകരും. കോടികൾ മുടക്കി ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്ന വൈക്കം വൈപ്പിൻപടി ടി.വി.പുരം റോഡിന്റെ കാര്യത്തിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളിൽ ഓട തീർക്കാതെ റോഡരിക് കോൺക്രീറ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അഞ്ച് കിലോമീറ്ററിലധികം ദൈർഘ്യം വരുന്ന റോഡ് പത്ത് കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമ്മിക്കുന്നത്. റോഡിലെ പള്ളിപ്രത്തുശേരി പൂതനേഴത്തുവളവ്, അക്ഷയ സെന്ററിന് മുൻവശം, മണ്ണത്താനം, പഴുതുവള്ളിക്ഷേത്രത്തിന് മുൻവശം, ടി.വി.പുരം എസ്.ബി.ഐ ശാഖ തുടങ്ങിയ സ്ഥലങ്ങളിൽ വർഷകാലത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. റോഡിൽ ഓടയുള്ള ഭാഗത്തേക്ക് വെള്ളം ഒഴുകിയെത്തുന്ന വിധത്തിൽ ചരിവ് ഉറപ്പാക്കി കോൺക്രീറ്റ് ചെയ്യുമെന്നാണ് അധികൃതർ പറയുന്നത്. മണ്ണത്താനത്തെ വെള്ളക്കെട്ട് വൈക്കം പള്ളിയുടെ ഭാഗത്തേക്ക് നീളുന്ന ഓടയുമായി ബന്ധിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പഴുതുവള്ളി ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ മുൻഭാഗത്തെ വെള്ളക്കെട്ട് നീക്കാൻ സമീപത്തെ തോട്ടിലേയ്ക്ക് വെള്ളമൊഴുകുന്നതിന് സംവിധാനമൊരുക്കണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

വെള്ളക്കെട്ട്, പിന്നെ തീരാദുരിതം

ടി.വി.പുരം എസ്.ബി.ഐയുടെ മുൻവശത്തെ വെള്ളക്കെട്ട് വർഷങ്ങളായി യാത്രികരെയും സമീപവാസികളെയും വലയ്ക്കുകയാണ്. ഇവിടെ റോഡരികിൽ ചെരിവ് തീർത്ത് കോൺക്രീറ്റ് ചെയ്താൽ വെള്ളക്കെട്ട് മാറില്ലെന്നും ഓട നിർമ്മിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. ആധുനിക നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കുമ്പോൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കുറ്റമറ്റ സംവിധാനം ഒരുക്കിയില്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.

നാട്ടുകാർ പറയുന്നു

ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്ന റോഡ് നന്നാകുന്നതോടെ വാഹന ഗതാഗതമേറും.

വീതി കുറഞ്ഞ റോഡിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം

വെള്ളക്കെട്ട് ഉണ്ടായാൽ റോഡിലെ കട്ടിംഗ് അറിയാതെ വാഹന യാത്രികൾ വീണ് അപകടപ്പെടാൻ സാധ്യതയുണ്ട്.