
ചൂടിനെ വകവയ്ക്കാതെ ഓരോ വോട്ടും ഉറപ്പാക്കാനുള്ള പാച്ചിലിലാണ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ. നിലവിലെ എം.പി കൂടിയായ എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പുതുപ്പളി, മണർകാട്, മോനിപ്പള്ളി ഭാഗങ്ങളിലായിരുന്നു പ്രചാരണം നടത്തിയത്. കോളേജുകൾ സന്ദർശിച്ച് യുവ വോട്ടർമാരെ കാണുന്ന തിരക്കിലായിരുന്നു ഇന്നലെ പ്രധാനമായും യു.ഡു.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. ഭരണങ്ങാനം, പാലാ ഭാഗങ്ങളിലെത്തി വോട്ടുറപ്പിക്കുന്ന തിരിക്കിലായിരുന്നു ഇന്നലെ പ്രധാനമായും എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി.
സൗഹൃദം പുതുക്കി ചാഴികാടൻ
വോട്ടർമാരെ നേരിൽ കണ്ട് കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.
ഇന്നലെ പുതുപ്പള്ളി നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ സൗഹൃദ സന്ദർശനം. അയർക്കുന്നത്തുനിന്നുമാണ് സൗഹൃദ സന്ദർശനം ആരംഭിച്ചത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ കയറി വോട്ടഭ്യർത്ഥിച്ചു. പിന്നീട് ആരാധനാലയങ്ങളിലും കന്യാസ്ത്രീ മഠങ്ങളിലും സ്ഥാനാർത്ഥി സന്ദർശിച്ചു. എല്ലായിടത്തും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മണർകാട് സെന്റ് ജോസഫ് ഇൻഡസ്ട്രിയൽ ഇൻസ്റ്റിറ്ര്യൂട്ടിൽ എത്തിയ ചാഴികാടനെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു. സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാനും ആശംസകൾ നേരാനും വിദ്യാർത്ഥികൾ തിരക്കുകൂട്ടി. മണർകാട്ടെ വ്യവസായ സ്ഥാപനത്തിലും അകലക്കുന്നത്തും ആരാധനായലയങ്ങളിലും മഠങ്ങളിലും സ്ഥാനാർത്ഥിയെത്തി. രാത്രി വൈകി മോനിപ്പള്ളിയിലെ കുടുംബയോഗത്തിലും പങ്കെടുത്തു.
യുവാക്കളുടെ ആവേശമായി
ഫ്രാൻസിസ് ജോർജ്
കലാലയത്തിൽ വർണ്ണ വിസ്മയം തീർത്ത് ഹോളി ആഘോഷങ്ങൾ ആടി തിമിർക്കുന്നതിനിടയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.കെ.ഫ്രാൻസിസ് ജോർജ് മാന്നാനം കെ. ഇ കോളേജിന്റെ കവാടത്തിലേക്ക് എത്തിയത്. സ്ഥാനാർഥിയെ കണ്ടതും ആഹ്ലാദ ആരവങ്ങൾ കൊടുമ്പിരികൊണ്ടു. നൂറു കണക്കിന് വിദ്യാർഥികൾ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വരവേറ്റു. വിദ്യാർഥികൾക്കൊപ്പം സെൽഫിയെടുത്ത് വോട്ട് അഭ്യർഥിച്ചാണ് ഫ്രാൻസിസ് ജോർജ് മടങ്ങിയത്. ബി. കെ കോളേജ് അമലഗിരി ,അതിരമ്പുഴ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.തുടർന്ന് മരങ്ങാട്ടുപിള്ളി, അതിരമ്പുഴ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു.
ജനമനസുകളിൽ തരംഗമായി തുഷാർ
എൻ.ഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തെ ഹൃദയത്തിൽ സ്വീകരിച്ച് കോട്ടയം. സമസ്ത മേഖലയിലെയും ജനങ്ങൾ ഇരുകൈയും നീട്ടിയാണ് തുഷാറിനെ സ്വീകരിച്ചത്. എത്തിച്ചേർന്ന ഇടങ്ങളിൽ എല്ലാം ആവേശോജ്വലമായ സ്വീകരണങ്ങളായിരുന്നു.
ഇരു മുന്നണികളുടെയും കാപട്യങ്ങൾ ജനങ്ങൾ തുഷാറിന് മുമ്പാകെ അവതരിപ്പിച്ചു. സങ്കടക്കടലിനു അറുതിവരുത്തുവാൻ, സമസ്ത പ്രശ്നങ്ങൾക്കും പരിഹാരമേകാൻ താൻ ഉണ്ടാകുമെന്ന് തുഷാറിന്റെ ഉറച്ച പ്രഖ്യാപനം. എൻ.ഡി.എ ഭാരതത്തിന്റെ ഭരണ കക്ഷിയാണ് സമഗ്ര വികസനവും, സംശുദ്ധമായ രാഷ്ട്രീയവുമാണ് എൻ.ഡി.എ മുന്നോട്ട് വയ്ക്കുന്നത്. കപട വാഗ്ദാങ്ങളില്ല, തേൻവാക്കുകളില്ല കോട്ടയത്തിന്റെ പുരോഗതിയാണ് എന്റെ ലക്ഷ്യം എന്ന് തുഷാറിന്റെ വാഗ്ദാനം.
പറയുന്നത് ചെയ്യുമെന്നും, ചെയ്യാവുന്നതെ പറയൂ എന്ന തുഷാറിന്റെ വാക്കുകൾ ജനങ്ങൾ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ഇന്നലത്തെ പര്യടനം ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് ആരംഭിച്ചത്. ബി.ജെ.പി ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് സരീഷ്,സോമൻ തച്ചേട്ട് എന്നിവർ സ്വീകരിച്ചു. കൊടി ഹെൽത്ത് കെയർ മെഡിക്കൽ മാനുഫാക്ച്ചറിംഗ് യൂണിറ്റ് സന്ദർശിച്ചു. പാലായിലെ പ്രമുഖ വ്യവസായി വെള്ളിയേപ്പള്ളിയിൽ വി.ജെ ജോസഫിന്റെ വീട്ടിലും വിശ്വകർമ്മ സഭയുടെ മീനച്ചിൽ താലൂക്ക് യൂണിറ്റ് പ്രസിഡന്റ് ചെല്ലപ്പൻ ആചാരിയുടെ വീട്ടിലും എത്തി പിന്തുണ തേടി. അഡ്വ.രാജേഷ് പല്ലാട്ടുമായ് ചർച്ച നടത്തി. തലപ്പുലം ശ്രീകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗം ഓഫീസിലെത്തി ഭാരവാഹികളെ കണ്ടു. സെക്രട്ടറി വിജയകുമാർ കൊട്ടാരത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കേരളാ വെള്ളാള മഹാസഭയുടെ മഹിളാ സമാജം പ്രസിഡന്റ് ആശാ രാജേഷിനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു.