മുണ്ടക്കയം: കൂട്ടിക്കൽ വെട്ടിക്കാനം എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളായ രണ്ട് കുട്ടികളെ കാണാതായത് പരിഭ്രാന്തി പരത്തി.തുടർന്ന് നാലര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ വൈകിട്ട് ആറു മണിയോടുകൂടി സ്കൂളിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ മാത്തുമല ഭാഗത്തെ തോട്ടത്തിൽ കുട്ടികളെ അവിടത്തെ ജോലിക്കാർ കണ്ടെത്തുകയായിരുന്നു. മർഫി സായിപ്പിന്റെ ശവകുടീരം നിലനിൽക്കുന്ന ഈ പ്രദേശം വിജനമാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് വിദ്യാർത്ഥികളെ കാണാതായത്. പരീക്ഷ കഴിഞ്ഞ ഇവർ വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. സ്കൂളിന് സമീപമുള്ള റബർ തോട്ടത്തിൽ കണ്ടതായും. മുണ്ടക്കയത്തേക്ക് ബസ് കയറി പോയതായും ഉൾപ്പെടെ പല വാർത്തകളും പ്രചരിച്ചതോടെ പൊലീസും പ്രസിഡന്റ് ബിജോയ് ജോസും സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. ഒരേ ക്ലാസിൽ പഠിക്കുന്ന ഉറ്റ സുഹൃത്തുക്കളാണ് ഇരുവരും.
ഞങ്ങൾ ഇടുക്കിക്ക് പോകുമെന്ന് മറ്റ് സഹപാഠികളോട് ഇവർ പറയുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ ദൂരേക്ക് പോയി കാണും എന്ന് കരുതി പ്രധാന ടൗണുകളിൽ എല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. കുട്ടികൾ എങ്ങനെയാണ് തോട്ടത്തിൽ എത്തിയതെന്നതിനെപ്പറ്റി മുണ്ടക്കയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭയന്നുപോയ കുട്ടികൾ സാധാരണ നിലയിലായതിന് ശേഷമേ യഥാർത്ഥ വിവരം ലഭിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.