voting

കോട്ടയം: ഇന്നു മുതൽ പത്രികാ സമർപ്പണം ആരംഭിക്കുമെങ്കിലും പീഡാനുഭവ വാരാചരണത്തിന്റെ ഭാഗമായുള്ള പെസഹാ വ്യാഴവും ദു:ഖവെള്ളിയുമെത്തിയതോടെ പ്രചാരണത്തിന് സഡൻ ബ്രേക്കിട്ട അവസ്ഥയിലാണ് സ്ഥാനാർത്ഥികൾ. ഇനി ഈസ്റ്റർ കഴിയണം പ്രചാരണം ചൂടുപിടിക്കാൻ.

ഇന്നു പെസഹാ വ്യാഴവും നാളെ ദു:ഖ വെള്ളിയും പള്ളികൾ കേന്ദ്രീകരിച്ചുള്ള നിശബ്ദ പ്രചാരണത്തിനാണ് കോട്ടയത്തെ മുന്നണി സ്ഥനാർത്ഥികളായ തോമസ് ചാഴികാടനും , ഫ്രാൻസിസ് ജോർജും തുഷാർ വെള്ളാപ്പള്ളിയും മുൻതൂക്കം നൽകിയിട്ടുള്ളത്. നാളെ പീഡാനുഭവത്തിന്റെ ഭാഗമായ് പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിലെ നീന്തു നേർച്ചയിലും കുരിശിന്റെ വഴിയിലുമെല്ലാം സ്ഥാനാർത്ഥികളെത്തും.

റംസാൻ നോമ്പ് ആരംഭിച്ചതിന് പിറകേ വിവിധ സംഘടനകൾ നടത്തുന്ന ഇഫ്താർ വിരുന്നുകളിലെല്ലാം സ്ഥാനാർത്ഥികൾ നോമ്പു മുറിക്കും മുമ്പ് ഓടിയെത്തി തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു. സ്ഥാനാർത്ഥിക്ക് ഓടി എത്താൻ കഴിയാത്തിടത്ത് പ്രധാന നേതാവ് മുഖം കാണിക്കാനെത്തും.

ഈസ്റ്ററിനു ആശംസാ കാർഡ് ഇറക്കുന്നതിനു പുറമേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ആശംസയുമുണ്ട്. അടുത്തമാസമെത്തുന്ന വിഷുവിനും കണിക്കൊന്നയുടെ നിറവിലുള്ള പ്രത്യേക ആശംസാ കാർഡ് എല്ലാ സ്ഥാനാർത്ഥികളുടെയും വകയായി ഇറങ്ങുന്നുണ്ട്.

ചിലവേറി പ്രചാരണം

ഒരു മാസം മുമ്പേ പ്രചാരണം തുടങ്ങിയതിനാൽ തിരഞ്ഞെടുപ്പു ചെലവിൽ കൈ പൊള്ളി നിൽക്കുകയാണ് സ്ഥാനാർത്ഥികൾ. ഏപ്രിൽ 26ലെ വോട്ടെടുപ്പിന് ഇനി ഒരു മാസം കൂടി പ്രചാരണ സമയമുണ്ട്. വിവിധ തരം പോസ്റ്ററുകളിറക്കണം. പ്രചാരണ യോഗങ്ങൾ , മൈക്ക് അനൗൺസ്മെന്റ് തുടങ്ങി ചെലവേറും. . തോമസ് ചാഴികാടനും തുഷാർ വെള്ളാപ്പള്ളിക്കും ചിഹ്നമുണ്ട്. ജോസഫ് കേരളാ കോൺഗ്രസിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമില്ലാത്തതിനാൽ ഫ്രാൻസിസ് ജോർജിന് പത്രികാ സമർപ്പണത്തിന് ശേഷമേ ചിഹ്നമാകൂ.