
കോട്ടയം: സെഞ്ച്വറി തികഞ്ഞ 357 പേരാണ് വോട്ട് ചെയ്യാൻ കാത്തിരിക്കുന്നത്. ജില്ലയിൽ ഒമ്പതു നിയമസഭാ നിയോജക മണ്ഡലങ്ങളിലായാണ് 100 വയസ് തികഞ്ഞവരുള്ളത്. ഇവരിൽ ഭൂരിഭാഗവും വോട്ട് ചെയ്യാൻ ആരോഗ്യമുള്ളവരുമാണ്.
100 പിന്നിട്ട വോട്ടർമാരിൽ 242 പേരും സ്ത്രീകളാണ്. 115 പേർ പുരുഷൻമാർ. വോട്ട് ഫ്രം ഹോം സൗകര്യമുള്ളതിനാൽ, ഇവർക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാം. എല്ലാ പോളിംഗ് സ്‌റ്റേഷനിലും വീൽ ചെയർ ഉൾപ്പെടെയുള്ള സൗകര്യമുള്ളതിനാൽ താത്പര്യമുള്ളവർക്ക് ബൂത്തിലെത്തിയും വോട്ട്ചെയ്യാം. 100 പിന്നിട്ട ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് കടുത്തുരുത്തിയിലാണ് 79 പേർ. ചങ്ങനാശേരിയിലാണ് കുറവ്. 15 പേർ മാത്രം.
നൂറുകാരുടെ പട്ടിക
കടുത്തുരുത്തി:79
വൈക്കം: 43
ഏറ്റുമാനൂർ:43
കാഞ്ഞിരപ്പള്ളി 43
പാലാ: 35
പൂഞ്ഞാർ: 35
കോട്ടയം:32
പുതുപ്പള്ളി: 32
ചങ്ങനാശേരി:15
ഉദ്യോഗസ്ഥർ വീട്ടിലെത്തും
85 വയസ് പിന്നിട്ട വോട്ടർമാർ, അവശ്യ സർവീസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ തുടങ്ങിയവർക്കാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്താൻ സൗകര്യം. 1961ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അസന്നിഹിത വോട്ടർമാരുടെ പട്ടികയിൽപെടുത്തി 12 ഡി അപേക്ഷാ ഫോം ബൂത്ത് ലെവൽ ഓഫിസർമാർ മുഖേന വിതരണം ചെയ്യും. വീട്ടിലെ വോട്ട് ഇങ്ങനെ ഫോമിൽ നിർദിഷ്ട വിവരങ്ങൾ രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫിസർമാർക്കു സമർപ്പിക്കുന്നവരുടെ അപേക്ഷകൾ പരിഗണിക്കും. ഇവർക്കു മുൻകൂട്ടി അറിയിപ്പ് നൽകിയശേഷം താമസസ്ഥലത്തു വച്ചുതന്നെ തപാൽ വോട്ടു ചെയ്യാം. രണ്ടു പോളിംഗ്ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വിഡിയോഗ്രഫർ, ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ എന്നിവരടങ്ങുന്ന സംഘമായിരിക്കും എത്തുക.