കോട്ടയം: ശിവഗിരി മഠം ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റി നാളെ രാവിലെ 10ന് പാമ്പാടി ഓർവയൽ ഗുരുദേവ ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്ല്യാനന്ദ സരസ്വതി ആലുവ സർവ്വമത സമ്മേളന ശതാബ്ദി , ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി, സഭ കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ പി.കമലാസനൻ വൈക്കം സത്യാഗ്രഹ ശതാബ്ദി എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി വി.വി.ബിജു വാസ് സ്വാഗതവും ജില്ലാ ട്രഷറർ പി.കെ. മോഹനകുമാർ നന്ദിയും പറയും.
ഉച്ചകഴിഞ്ഞ് 2ന് നടക്കുന്ന മാതൃസഭ ജില്ലാ സംഗമം കൊല്ലം ഇൻഡസ്ട്രിയൽ ട്രിബൂണൽ ഇ.എസ്.ഐ ജഡ്ജ് സുനിതാ വിമൽ ഉദ്ഘാടനം ചെയ്യും. മാതൃസഭ കേന്ദ്ര ചെയർപേഴ്‌സൺ മണിയമ്മ ഗോപിനാഥ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് ജില്ലാ ഭരണസമിതി തെരഞ്ഞെടുപ്പ്. സഭാ കേന്ദ്ര എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് വട്ടോടിൽ, മാതൃസഭ വൈസ് ചെയർപേഴ്‌സൺ ഷൈലജ പൊന്നപ്പൻ,​ കേന്ദ്രസമിതി അംഗങ്ങളായ സരളാ രാഘവൻ, ജയശ്രീ സുരേഷ് എന്നിവർ സംസാരിക്കും.
3ന് നടക്കുന്ന ജില്ലാ വാർഷിക സമ്മേളനത്തിൽ പ്രസിഡന്റ് സോഫി വാസുദേവൻ അദ്ധ്യക്ഷതവഹിക്കും. സെക്രട്ടറി വി. വി. ബിജുവാസ് കണക്കും റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിക്കും. വൈസ് പ്രസിഡന്റ് ഡോ.ഗിരിജാപ്രസാദ് സ്വാഗതവും ജോ.സെക്രട്ടറി എം.എ.ബാലകൃഷ്ണൻ നന്ദിയും പറയും.