vote

കോട്ടയം: നാമനിർദേശ പത്രിക നൽകാനുള്ള സമയം അടുത്തതോടെ മൂന്ന് മുന്നണികളും പ്രചാരണം കടുപ്പിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി ചിഹ്നം കുടമെന്ന് ഉറപ്പിച്ചപ്പോൾ ചിഹ്നമില്ലാതെ പ്രചാരണം തുടരുന്നു ഫ്രാൻസിസ് ജോർജ്. രണ്ടില ചിഹ്നക്കാരനായ തോമസ് ചാഴികാടൻ ഏപ്രിൽ മൂന്നിന് പത്രിക സമർപ്പിക്കും.

തുഷാറിന് കുടം നൽകി സ്വീകരണം

എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിക്ക് ചിഹ്നമായ കുടം പ്രതീകാത്മകമായി സമ്മാനിച്ചാണ് ബി.ജെ.പി നേതൃത്വം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബി.ഡി.ജെ.എസിന് ചിഹ്നം അനുവദിച്ച അതേ ദിവസം ദിനം നടന്ന യോഗം ചിഹ്നം ഔദ്യോഗികമായി പ്രകാശിപ്പിക്കുന്ന ചടങ്ങുകൂടിയായി.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗം ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി കെ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലിജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. ചുരുങ്ങിയ ദിവസങ്ങളിൽ തന്നെ കോട്ടയത്തെ ജനങ്ങളുടെ ഹൃദയ വികാരം മനസിലായതായി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. രാജ്യത്തിനൊപ്പം കോട്ടയത്തിനും മുന്നേറണമെന്ന ആഗ്രഹം പ്രകടമാണ്. വികസനത്തിനായുള്ള അദമ്യമായ ദാഹമാണ് ജില്ലയ്ക്കുളളത്. തുടങ്ങിയ പദ്ധതികൾ പോലും പൂർത്തിയാക്കാൻ കഴിയാത്ത ഇരു കേരള കോൺഗ്രസുകളും ജനശ്രദ്ധ സാങ്കൽപ്പിക വിഷയങ്ങളിലേക്ക് വ്യതിചലിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും തുഷാർ പറഞ്ഞു.

 വോട്ടുറപ്പിക്കാൻ ഫ്രാൻസിസ്

ഇന്നലെ ഏറ്റുമാനൂരപ്പൻ കോളേജിൽ എത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷം കുട്ടികൾ രാജ്യം വിടുന്നതിനെപ്പറ്റിയുള്ള വിഷയം സ്ഥാനാർത്ഥി വിദ്യാർത്ഥികളുമായി ചർച്ച ചെയ്തു.കലാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ടതിന്റെ ആവശ്യകതയും കൂടുതൽ വിദേശ യൂണിവേഴ്‌സിറ്റികൾ നാട്ടിലേക്ക് വരേണ്ടതിന്റെ പ്രാധാന്യവും വിശകലനം ചെയ്തു. തുടർന്ന്
കിളിരൂർ എസ്.എൻ.ഡി.പി സ്‌കൂൾ, കാഞ്ഞിരം മുസ്ലിം ജമാഅത്തെ പള്ളി, ഡി എസ് എച്ച് ജെ കോൺവെന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. കുമരകം എൻ.എസ്.എസ്, നീണ്ടൂർ പ്രാവട്ടം മീത്തിൽ താഴെ വീട് , അയ്മനം പരിപ്പ് ,വൈഎംസിഎ ഹാൾ എന്നിവിടങ്ങളിൽ നടന്ന മണ്ഡലം കൺവൻഷനുകളിൽ പങ്കെടുത്തു.

 ചാഴികാടൻ ഏപ്രിൽ 3ന് പത്രിക നൽകും

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഏപ്രിൽ മൂന്നിന് നാമനിർദേശ പത്രിക സമർപ്പിക്കും. തുടർന്ന് ആദ്യഘട്ട വാഹന പ്രചരണം തുടങ്ങും. ഏഴു നിയോജക മണ്ഡലങ്ങളിലും ആദ്യഘട്ട വാഹന പ്രചാരണം റോഡ്‌ഷോ അടക്കമാണ് സംഘടിപ്പിക്കുക. അതേസമയം സ്ഥാനാർത്ഥിയുടെ സൗഹൃദ സന്ദർശനങ്ങൾ തുടരുകയാണ്. ഇന്നലെ വൈക്കം നിയോജക മണ്ഡലത്തിലായിരുന്നു സ്ഥാനാർത്ഥിയുടെ സന്ദർശനം. പെസഹാ വ്യാഴം, ദു:ഖവെള്ളി ദിവസങ്ങളിൽ പ്രചാരണത്തിന് അവധി നൽകിയിട്ടുണ്ട്.