bishop

പാലാ: യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓർമ്മ പുതുക്കി ക്രൈസ്തവ ലോകം ഇന്നലെ പെസഹാ ആചരിച്ചു. ദൈവാലയങ്ങളിൽ പെസഹാ തിരുക്കർമ്മങ്ങളും വീടുകളിൽ അപ്പംമുറിക്കൽ ശുശ്രൂഷയും നടത്തി. ഇന്നലെ രാവിലെ പള്ളികളിൽ കാൽകഴുകൽ ശുശ്രൂഷയുണ്ടായിരുന്നു. പാലാ കത്തീഡ്രലിൽ നടത്തിയ കാൽകഴുകൾ ശുശ്രൂഷയ്ക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നേതൃത്വം നൽകി. ഇന്ന് ദുഃഖവെള്ളി. ദേവാലയങ്ങളിൽ പീഡാനുഭവ തിരുക്കർമ്മങ്ങളും കുരിശിന്റെ വഴിയും നടക്കും.

ഏഴാച്ചേരി സെന്റ് ജോൺസ് ഇടവകയുടെ കീഴിലുള്ള തീർത്ഥാടന കേന്ദ്രമായ ഫാത്തിമാഗിരി കുരിശുമലയിലേക്ക് ഇന്ന് രാവിലെ 10.30 ന് കുരിശിന്റെ വഴി ആരംഭിക്കും. കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടിലേക്ക് വൈകിട്ട് 4.30 ന് കുരിശിന്റെ വഴി ആരംഭിക്കും. കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയിലും പാമ്പൂരാംപാറ വ്യാകുലമാതാ പള്ളിയിലും പീഢാനുഭവ കർമ്മങ്ങൾ നടക്കും.

അരുവിത്തുറ വല്യച്ചൻമലയിലേക്ക് കുരിശിന്റെ വഴിയുണ്ട്. 8.30 ന് പള്ളിയിൽ നിന്നും വല്യച്ചൻമല അടിവാരത്തേക്ക് ജപമാല പ്രദക്ഷിണവും തുടർന്ന് 9 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും നടക്കും.