കോട്ടയം: പരീക്ഷാ ചൂട് കഴിഞ്ഞു സ്കൂളുകളുടെ വാതിലുകൾ അടഞ്ഞതോടെ അവധിക്കാലം വിജ്ഞാനപരമായി ചെലവഴിക്കാൻ അവധിക്കാല ക്ലാസുകളുടെ വാതായനങ്ങൾ തുറന്നു. രണ്ടു മാസക്കാലം പഴയ തലമുറകളിലൂടെ അടിച്ചു പൊളിച്ചിരുന്നെങ്കിൽ ഇന്ന് അവധിക്കാല ക്ലാസുകളിൽ രക്ഷകർത്താക്കൾ കുട്ടികളെ പറഞ്ഞയയ്ക്കുകയാണ്. ഇതിനായി വിവിധ സ്ഥാപനങ്ങൾ ഒരുങ്ങി

തിരുനക്കര കുട്ടികളുടെ ലൈബ്രറിയിൽ നൃത്തം, സംഗീതം, വിവിധ വാദ്യോപകരണ ക്ലാസുകൾക്കു പുറമേ യോഗാ, കരാട്ടേ, അബാക്കസ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് അക്ഷരമാല മുതലുള്ള പഠനവുമുണ്ട്. കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, കരിയർ ഗൈഡൻസ് നേതൃത്വ പാടവ ക്ലാസുകളും ഉണ്ടാകും. പതിനായിരത്തിലേറെ പുസ്തകങ്ങളുമായ് നവീകരിച്ച കുട്ടികളുടെ ലൈബ്രറി വിജ്ഞാനത്തിന്റെ പുതിയ ലോകമാണ് തുറക്കുന്നത്. നിരവധി ആധുനിക റൈഡുകളുമായ് വിശാലമായ കുട്ടികളുടെ പാർക്കിൽ അടിച്ചു പൊളിക്കാനും സൗകര്യമുണ്ട്.

അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം ഏപ്രിൽ ഒന്നിന് രാവിലെ 10ന് മുൻ വ്യോമയാന സെക്രട്ടറിയും എയർ ഇന്ത്യ ചെയർമാനുമായ ഡോ. റോയി പോൾ നിർവഹിക്കും. കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഷാജി വേങ്കടത്ത്, റബേക്ക ബേബി ഐപ്പ്, നന്ത്യാട് ബഷീർ, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ എന്നിവർ പ്രസംഗിക്കും.

കോട്ടയം ദർശന അക്കാദമിയിലും നൃത്ത നൃത്തേതര വിഭാഗങ്ങളിൽ അവധിക്കാല കോഴ്സുകൾ ആരംഭിച്ചു. കമ്പ്യൂട്ടർ പഠനത്തിനും പ്രത്യേക സൗകര്യമുണ്ട്. അവധിക്കാലത്ത് നീന്തൽ പരിശീലനത്തിനും വിവിധ ഏജൻസികൾ സൗകര്യമൊരുക്കുന്നു. കളരിപ്പയറ്റ് അടക്കം ആയോധന കലകൾ കളരികളിൽ പഠിപ്പിക്കുന്നു. കുട്ടികളെ ആകർഷിക്കാൻ പുതുതായ് ചില ഏജൻസികൾ അഭിനയകളരി കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്.

അവധിക്കാല കളികളിലൊന്നും പങ്കെടുക്കാൻ അനുവദിക്കാതെ കുട്ടികൾക്കായി അഡ്വാൻസ്ഡ് എൻജിനീയറിംഗ് , മെഡിക്കൽ പഠനം സ്കൂളുകളുമായ് ചേർന്ന് ആരംഭിക്കുന്ന അക്കാദമികളുമുണ്ട്.