കോട്ടയം : കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത നിശയും ' കൗമുദി നൈറ്റ്' നാളെ വൈകിട്ട് 5.30ന് ഏറ്റുമാനൂർ ഗ്രാന്റ് അരീന കൺവെൻഷൻ സെന്ററിൽ നടക്കും. ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ.വാസവൻ മുഖ്യപ്രഭാഷണം നടത്തും. സംഘടനാ നേതൃത്വത്തിൽ കാൽനൂറ്റാണ്ട് പൂർത്തിയാക്കിയ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കേരളകൗമുദിയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കും.

ഇടിമണ്ണിക്കൽ ജുവലറി എം.ഡി. സണ്ണി തോമസ് ഇടിമണ്ണിക്കൽ, കോനാട്ട് ഗ്രൂപ്പിന്റെ സാരഥി ഗിരീഷ് കോനാട്ട്, നവജീവൻ ട്രസ്റ്റി പി.യുതോമസ്, സാജ്‌കോ ഗ്രൂപ്പ് എം.ഡി സാജൻ ആൻഡ്രൂസ്, അജയ് ഹാച്ചറീസ് ഉടമ പി.വി.ജയൻ, ചെന്നൈ റോയൽ സ്പ്‌ളെണ്ടേഴ്‌സ് സാരഥി ടി.കെ.സന്തോഷ്, മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ രതീഷ് ജെ.ബാബു, എഴുത്തുകാരൻ അനിൽ കോനാട്ട്, സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടർ നിഷ സ്‌നേഹക്കൂട്, സെന്റ്. സേവ്യേഴ്‌സ് സ്‌കൂൾ ഒഫ് നഴ്‌സിംഗ് ആൻഡ് പാരാമെഡിക്കൽസ് ഉടമ സിമ്മി മാത്യു എന്നിവരെ ഗവർണർ ആദരിക്കും. ഗ്രാൻഡ് അരീന കൺവെൻഷൻ സെന്റർ ഉടമ രാജേഷ് മാത്യുവിനെ മന്ത്രി വി.എൻ. വാസവൻ ആദരിക്കും.

കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖ പ്രഭാഷണം നടത്തും. കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിക്കും. പ്രത്യേക ലേഖകൻ വി.ജയകുമാർ സ്വാഗതവും, ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറയും. തുടർന്ന് ജാസി ഗിഫ്‌റ്റിന്റെ സംഗീത നിശ.