asha

കോട്ടയം: ജീവിതത്തിൽ മാത്രമല്ല, തിരഞ്ഞെടുപ്പിലും തുഷാറിന് താങ്ങുംതണലുമാണ് ഭാര്യ ആഷാ തുഷാർ. സ്ഥാനാർത്ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം കളത്തിലിറങ്ങിയ ആഷ വോട്ടുകൾ ഉറപ്പാക്കാൻ സ്ഥാനാർത്ഥിയേക്കാൾ വേഗത്തിലാണ് പ്രചാരണം.

തുഷാർ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ മണ്ഡലത്തിൽ വ്യക്തിപരമായി ആളുകളെ കണ്ട് തുടങ്ങിയിരുന്നു. ഭർത്താവിന്റെ വിജയത്തിനായി എല്ലാ തിരക്കുകൾക്കും അവധി നൽകി. ചൂടുപിടിച്ച കാലാവസ്ഥയിലും കർമ്മനിരത. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് തിരുനക്കരയിലേയ്ക്ക് തുറന്ന ജീപ്പിൽ നടന്ന പര്യടനത്തിൽ ജീപ്പിന്റെ ഇടതുവശത്ത് ആഷയുമുണ്ടായിരുന്നു. എല്ലാ അർത്ഥത്തിലും തുഷാറിന്റെ വാമഭാഗം പോലെ. ഇതിനോടകം മണ്ഡലത്തിന്റെ മുഴുവൻ ഭാഗങ്ങളിലും ആഷ ഓടിയെത്തി. വ്യക്തിബന്ധം വോട്ടാക്കാനുള്ള പരമാവധി ശ്രമം. മൂന്ന് പുരുഷ സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ അതിലൊരു സ്ഥാനാർത്ഥിയുടെ ഭാര്യ നേരിട്ട് വോട്ടുചോദിക്കുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വോട്ടാണ് ലക്ഷ്യം. കടന്നു പോകുന്നയിടങ്ങളിലെല്ലാം വീട്ടിലൊരംഗത്തെപ്പോലെ വോട്ടർമാർ പെരുമാറുന്നതാണ് ആഷയുടെ ആത്മവിശ്വാസം. രാവിലെ എട്ടോടെ പ്രചാരണം തുടങ്ങും. വനിതാ പ്രവർത്തകർക്കൊപ്പം പര്യടനം അവസാനിക്കുമ്പോൾ രാത്രി ഏറെ വൈകും. ഇന്നലെ പുളിമൂട് സിൽക്സിൽ എത്തി ജീവനക്കാരുമായി സംസാരിച്ചു. സ്ഥാനാർത്ഥിയുടെ ഭാര്യ വോട്ടു ചോദിക്കാനെത്തിയത് അവർക്കും പുതിയ അനുഭവം. ഇതിനോടകം മണ്ഡലത്തിന്റെ മുഴുവൻ വികസന പ്രശ്നങ്ങളും പഠിച്ച ആഷ രാഷ്ട്രീയവും സൗഹൃദവും വികസനവുമൊക്കെയാണ് സംസാരിക്കുന്നത്. റബറിന്റെ വിലയും കുടിവെള്ളവും മറ്റ് വികസന വിഷയങ്ങളും തുടങ്ങി തുഷാർ മുന്നോട്ടു വയ്ക്കുന്ന പ്രചരണായുധങ്ങളൊക്കെ ആഷയുടെയും ആവനാഴിയിലുണ്ട്.