sad

കോട്ടയം : പീഡാനുഭവ വാരാഘോഷത്തിൽ ന്യൂട്രലിലായ തിരഞ്ഞെടുപ്പ് പ്രചാരണം ഈസ്റ്റർ കഴിഞ്ഞതോടെ ഇനി ടോപ്പ് ഗിയറിലാകും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി എന്നിവർ ഏപ്രിൽ മൂന്നിനും യു.ഡി.എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് നാലിനുമാണ് പത്രിക നൽകുന്നത്. പത്രികാ സമർപ്പണം നാടിളക്കി മറിക്കുന്ന റോഡ് ഷോയാക്കാനാണ് തീരുമാനം. ദു:ഖവെള്ളി ദിവസം വിവിധ പള്ളികളിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ,നീന്തു നേർച്ച, കുരിശിന്റെ വഴിയടക്കം പീഡാനുഭവ സ്മരണകളിൽ സാന്നിദ്ധ്യമറിയിക്കാൻ സ്ഥാനാർത്ഥികൾ ഓട്ട പ്രദക്ഷിണം നടത്തി. നേർച്ച സദ്യയിലും പങ്കെടുത്തു. ഉയിർത്തെഴുന്നേൽപ്പുദിനമായ ഈസ്റ്റർ ദിനത്തിലും സ്ഥാനാർത്ഥികൾ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.

ആശംസാ കാർഡ് വീടുകളിൽ

സ്ഥാനാർത്ഥികളെല്ലാം ഈസ്റ്റർ ആശംസാ കാർഡ് തയ്യാറാക്കി സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റു ചെയ്തതിനു പുറമേ പ്രവർത്തകർ വഴി വീടുകളിലും എത്തിച്ചു. ' പ്രത്യാശയുടെ തിളക്കവും സമാധാനവും സന്തോഷവും എല്ലാ മനസുകളിലും നിറയട്ടെ ഒപ്പമുണ്ട് എപ്പോഴും നിങ്ങളുടെ തോമസ് ചാഴികാടൻ എന്ന കുറിപ്പോടെ രണ്ടില ചിഹ്നവും നിറചിരിയോടെയുള്ള സ്ഥാനാർത്ഥിയുടെ ഫോട്ടോയുമുള്ള കാർഡായിരുന്നു എൽ.ഡി.എഫിന്റേത്. കുടം ചിഹ്നത്തിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ഫോട്ടോയോടെ ഏവർക്കും സ്നേഹവും നന്മയും നിറഞ്ഞ ഈസ്റ്റർ ആശംസകൾ എന്നെഴുതിയ കാർഡായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി തുഷാറിന്റേത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരമില്ലാത്തതിനാൽ ഫ്രാൻസിസ് ജോർജിന്റെ കാർഡിൽ ചിഹ്നം രേഖപ്പെടുത്തിയിരുന്നില്ല

രണ്ടിലയിൽ ഒരു കൺഫ്യൂഷനുമില്ല : സതീശൻ

കോട്ടയത്ത് രണ്ടിലയിൽ വോട്ടർമാർക്ക് ഒരു കൺഫ്യൂഷനുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കഴിഞ്ഞ തവണ പാലായിൽ രണ്ടില ചിഹ്നത്തിൽ മത്സരിച്ചിട്ടും ഇടതുസ്ഥാനാർത്ഥി തോറ്റു. രണ്ടിലയിൽ മത്സരിച്ചിരുന്ന മോൻസ് ജോസഫ് ചിഹ്നം മാറി മത്സരിച്ചിട്ടും ജയിച്ചു. കോട്ടയത്തെ വോട്ടർമാർ പ്രബുദ്ധരാണ്. മാറിയ രാഷ്ട്രീയ സാഹചര്യം അവർക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.