
കോട്ടയം: പ്രചാരണത്തിന്റെ ചെലവ് നീളുമ്പോൾ കള്ളക്കണക്കെഴുതി വശംകെടുകയാണ് പാർട്ടികൾ. വാൾ പോസ്റ്റർ തൊട്ട് സോഷ്യൽ മീഡിയയിലെ പോസ്റ്റുകൾ വരെയുള്ള സ്ഥാനാർത്ഥിയുടെ ഓരോ ചെലവും തിരഞ്ഞെടുപ്പു കമ്മിഷൻ രഹസ്യമായും പരസ്യമായും നിരീക്ഷിക്കുന്നുണ്ട്. സ്ഥാനാർത്ഥി ചെലവാക്കുന്നവ, പാർട്ടി ചെലവാക്കുന്നവ, സ്ഥാനാർഥിക്കു വേണ്ടി മറ്റുള്ളവർ ചെലവാക്കുന്നവ എന്നിവയെല്ലാം സ്ഥാനാർത്ഥിയുടെ കണക്കിൽ തന്നെ വരും. തിരഞ്ഞെടുപ്പിനു മുൻപും തിരഞ്ഞെടുപ്പിനു ശേഷവുമെല്ലാം ഈ കണക്ക് കൃത്യമായി പരിശോധിക്കും.
ആകെ ചെലവ് 95 ലക്ഷത്തിൽ ഒതുങ്ങണം
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം മുതൽ വോട്ടെണ്ണൽ വരെ സ്ഥാനാർത്ഥിയുടെ എല്ലാ ചെലവും 95 ലക്ഷം രൂപയിൽ ഒതുങ്ങണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 70 ലക്ഷമായിരുന്നു കണക്ക്. കെട്ടിവയ്ക്കാനുള്ള തുകയായ 25,000 രൂപ പോലും ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിക്കുന്ന ചെലവിൽ നിന്ന് അധികമായി തുക ചെലവഴിക്കുന്നത് അഴിമതിയാണ്. ഇനി തെറ്റായ കണക്ക് എഴുതിയത് പിടിക്കപ്പെട്ടാൽ വിജയം തന്നെ മരവിപ്പിച്ചേക്കാം, മത്സരിക്കുന്നതിൽ വിലക്കു വരാം, ജയിൽ ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകളും ഉണ്ട്. എന്നാൽ ഈ തുകയുടെ പത്തിരട്ടിയെങ്കിലും വേണം മത്സരിക്കാൻ.
എല്ലാം നിരീക്ഷണത്തിൽ
സ്ഥാനാർത്ഥികൾ എല്ലാ കണക്കും കൃത്യമായി സമർപ്പിക്കണം. ഇവ നിരീക്ഷിക്കാൻ എല്ലാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം സജീവമായിട്ടുണ്ട്. പ്രചാരണപരിപാടികൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിഡിയോ വിഭാഗം കൃത്യമായി പകർത്തുന്നുണ്ട്. ഓരോ ദിവസവും പകർത്തുന്നത് സിഡിയിലാക്കി മാറ്റി അവ സൂക്ഷ്മമായി നിരീക്ഷിക്കാനും സംവിധാനമുണ്ട്. എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവർ, അസി. ഒബ്‌സർവർ, വീഡിയോ സർവൈലൻസ് ടീം, വീഡിയോ വ്യൂവിങ് ടീം, കൺട്രോൾ റൂം ആൻഡ് കോൾ സെന്റർ, അക്കൗണ്ടിംഗ് ടീം, ഫ്‌ളയിംഗ് സ്‌ക്വാഡ്, എക്‌സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒട്ടേറെ ഉദ്യോഗസ്ഥർ ഇതിനോടകം പ്രവർത്തനം സജീവമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചെലവ് വിഭാഗത്തിന്റെ കണക്കും സ്ഥാനാർത്ഥിയുടെ കണക്കും ഒത്തു പോകണം. ഏതെങ്കിലും തരത്തിൽ സംശയം ഉന്നയിച്ചാൽ വിശദീകരണം നൽകണം.
കമ്മീഷന്റെ കണക്ക്
ഒരുദിവസം കഴിക്കേണ്ടത് പരമാവധി 190 രൂപയുടെ ഭക്ഷണം. പ്രഭാതഭക്ഷണം 50 രൂപ
ഒരു ചതുരശ്രഅടി ചുവരെഴുതാൻ 10 രൂപ
പ്രചാരണത്തിനുള്ള കസേരയുടെ വാടക ഏഴ്
വി.ഐ.പി ചെയറിന് 50, മേശയ്ക്ക് 40