
കോട്ടയം: അവധിദിനത്തിലും സ്ഥാനാർത്ഥികൾ ഓട്ടത്തിലായിരുന്നു. ഈസ്റ്ററിന്റെ അവധിദിനം പരസ്യ പ്രചാരണം ഒഴിവാക്കി പരമാവധി ആളുകളെ പള്ളിയിലും വീട്ടിലുമെത്തിയാണ് കണ്ടത്.
കൺവെൻഷനോടെ തുഷാർ
എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ പാലായിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.ജെ.പി .ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ബദലായി രൂപീകരിക്കപ്പെട്ട കേരള കോൺഗ്രസ് ഇന്ന് പാർട്ടിയുടെ ജന്മ ദൗത്യം പോലും മറന്ന് ഇടതു വലതു പക്ഷങ്ങളോട് തന്നെ സന്ധി ചേരുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 400 ൽ പരം സീറ്റുകൾ നേടി എൻ.ഡി.എ വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പുണ്ടെന്നും എല്ലാ വിഭാഗത്തിൽ ഉള്ള ആളുകളെയും ഒരുപോലെ കാണാൻ കഴിയുന്ന ഒരേ ഒരു സർക്കാർ ആണ് നരേന്ദ്രമോദി സർക്കാർ എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിൽ വന്നാൽ കേരളത്തിലെ ഏറ്റവും വികസിത ജില്ലയായി കോട്ടയത്തെ മാറ്റുമെന്നും അദ്ദേഹം ഉറപ്പ് നൽകി. രഞ്ജിത്ത് മീനാഭവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, എൻ.കെ.ശശികുമാർ, ബി.വിജയകുമാർ, സുമിത്ത് ജോർജ്ജ്, എ.പി.ജയപ്രകാശ്, അനീഷ് പുല്ലുവേലിൽ, പ്രകാശ് മംഗലത്തിൽ, അനീഷ് ഇരട്ടയാനി, സോമശേഖരൻ തച്ചേട്ട്, സുരേഷ് ഇട്ടിക്കുന്നേൽ, ബിനീഷ് ചൂണ്ടച്ചേരി, സരീഷ് കുമാർ, ബിഡ്‌സൺ മല്ലികശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
ഭവന സന്ദർശനവുമായി ഫ്രാൻസിസ് ജോർജ്
ഫ്രാൻസിസ് ജോർജ്ജിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഒന്നാംഘട്ട ഭവന സന്ദർശനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സ്‌ക്വാഡ് എല്ലാ ബൂത്തിലും പ്രവർത്തനമാരംഭിച്ചു . ഒന്നാംഘട്ട ഭവനസന്ദർശന സ്‌ക്വാഡും ബൂത്ത് കൺവെൻഷനുകളും ഏപ്രിൽ മൂന്നിന് പൂർത്തീകരിക്കുമെന്ന് യു.ഡി.എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി നേതൃയോഗം അറിയിച്ചു.
ജനങ്ങളിൽ സജീവമായി ചാഴികാടൻ
ഈസ്റ്റർ ദിനത്തിൽ തോമസ് ചാഴികാടൻ ഇടവക ദേവാലമായ എസ്.എച്ച് മൗണ്ട് സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഉയർപ്പ് തിരുന്നാൾ കുർബാനയിൽ പങ്കെടുത്തു. ഇടവകാംഗങ്ങൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന സ്ഥാനാർത്ഥി എല്ലാവരുമായി സൗഹൃദം പങ്കിട്ടു. പിന്നീട് അതിരമ്പുഴ കാരിസ്ഭവനിലെത്തി അന്തേവാസികൾക്ക് ഈസ്റ്റർ ആശംസ നേർന്നു. ഏറെ നേരം അവർക്കൊപ്പം ചിലവിട്ട ശേഷമാണ് സ്ഥാനാർത്ഥി മടങ്ങിയത്.
തുടർന്ന് അതിരമ്പുഴയിലെ സ്‌നേഹാലയം, സമീപ പ്രദേശത്തെ കോൺവെന്റുകൾ, അഗതി മന്ദിരങ്ങൾ എന്നിവയും സന്ദർശിച്ചു. എല്ലായിടത്തും എത്തി ഈസ്റ്റർ ആശംസകൾ നേർന്ന തോമസ് ചാഴികാടനെ മധുരം നൽകിയാണ് പലരും വരവേറ്റത്.