കോട്ടയം: തിരുവാതുക്കലിൽ അദ്ധ്യാപികയുടെ വീട്ടുമുറ്റത്തു നിന്നും വലിയ മൂർഖനെയും 47 മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടി. വനം വകുപ്പിന്റെ റസ്‌ക്യൂ സംഘമാണ് വീട്ടുമുറ്റത്ത് നിന്നും മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. കോട്ടയം വേളൂർ കൃഷ്ണ ഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീട്ടുമുറ്റത്ത് നിന്നാണ് വനം വകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം പാമ്പിനെ പിടികൂടിയത്. ഇന്നലെ രാവിലെയാണ് വീട്ടുമുറ്റത്ത് പാമ്പിൻ മുട്ട കണ്ടതായി കാട്ടി വീട്ടുകാർ വിവരം സ്‌നേക് റസ്‌ക്യൂ ടീമിനെ അറിയിച്ചത്.

സംഘം സ്ഥലത്ത് എത്തി പാമ്പിനെ കണ്ട സ്ഥലം പരിശോധിച്ചു. ഇത്തരത്തിൽ നടത്തിയ പരിശോധനയിലാണ് 47 പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടത്. തുടർന്ന്, വനം വകുപ്പിന്റെ സർപ്പ സ്‌നേക് റസ്‌ക്യൂ ടീം അംഗങ്ങളായ കെ.എ അഭീഷ്, കെ.എസ് പ്രശോഭ് എന്നിവർ ചേർന്ന് പാമ്പുകളെ കണ്ടെത്തി കൂട്ടിലാക്കുകയായിരുന്നു.