പാലാ: അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലെ അകാല മരണങ്ങളുടെ മുഖ്യകാരണം ക്യാൻസർ ആയിരിക്കുമെന്ന് പ്രമുഖ ക്യാൻസർ രോഗ ചികിത്സാ വിദഗ്ദ്ധൻ ഡോ. വി.പി. ഗംഗാധരൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്കൊപ്പം ഇന്ന് ക്യാൻസറും വളരെവേഗം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർപ്പാകോട് കട്ടിമുട്ടം എൻ.എസ്.എസ് കരയോഗം സുവർണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ച് ചേർന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ഗംഗാധരൻ.

മുപ്പത് ശതമാനം ക്യാൻസർ പ്രാരംഭദശയിൽ തന്നെ കണ്ടുപിടിക്കാൻ ഇന്ന് മാർഗങ്ങളുണ്ട്. കേരളത്തിൽ സ്തനാർബുദവും, വയർ, കരൾ ഭാഗങ്ങളിലെ ക്യാൻസറുമാണ് കൂടുതലായി കണ്ടുവരുന്നത്. എല്ലാ ക്യാൻസർ രോഗവും തടയാൻ സാധിക്കില്ല. കേരളത്തിൽ ക്യാൻസറിന് ഇടയാക്കുന്നതിലെ ഒന്നാംപ്രതി പുകയിലയാണ്. രണ്ടാമത് അധിക മദ്യപാനവും. മൂന്നാമത് ഇന്നത്തെ ആഹാരരീതിയും ക്യാൻസറിന് കാരണമാകുന്നു. ''ഫാസ്റ്റ്ഫുഡ് കിൽ ഫാസ്റ്റ്'' എന്നാണ് ക്യാൻസറിന്റെ കാര്യത്തിൽ പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. വി.പി.ഗംഗാധരനെ പൊന്നാട അണിയിച്ചാദരിച്ചു. കരയോഗം പ്രസിഡന്റ് കെ.എ. രാമൻകുട്ടി, സെക്രട്ടറി സി.കെ.രാജൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.ജയകുമാർ, കവി പാർപ്പാകോട് ഭാനുവിക്രമൻ തുടങ്ങിയവർ ആശംസകൾ നേർന്നു. മജീഷ്യൻ കണ്ണൻമോൻ മാജിക് അവതരിപ്പിച്ചു. എം.ആർ. രാജൻ, കെ.വി. തുളസീദാസ്, സിന്ധു ജി. കാട്ടൂർ, ബിന്ദു നന്ദകുമാർ, സന്തോഷ് കുമാർ, ആശിഷ്, സുചിത്ര സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.