
ചങ്ങനാശ്ശേരി : ചരിത്രം ഏറെ പറയാനുള്ള പുഴവാതിലെ കുമാരമംഗലത്തുമനയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ചോദ്യം പലകോണുകളിൽ നിന്ന് ഉയരുമ്പോൾ പുരാവസ്തു വകുപ്പ് അധികൃതർ മൗനത്തിലാണ്. പൈതൃക സ്വത്തായി സംരക്ഷിക്കാൻ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത പുഴവാതിലെ കുമാരമംഗലത്തുമനയുടെ നവീകരണം ഇനിയും പൂർത്തിയായിട്ടില്ല. പൈതൃക മ്യൂസിയം നടപ്പാക്കുമെന്ന പ്രഖ്യാപനം കടലാസിൽ മാത്രമായി. മ്യൂസിയമാക്കുന്നതിന് ആദ്യഘട്ടത്തിൽ കുറച്ചു ജോലികൾ മാത്രമാണ് നടത്തിയത്. മനയിലെ മുറികളാകട്ടെ കേടുപാടുകൾ സംഭവിച്ചു നാശത്തിന്റെ വക്കിലാണ്. ശുചീകരണത്തിന് താത്ക്കാലികാടിസ്ഥാനത്തിൽ രണ്ട് പേരെ നിയമിച്ചു. എന്നാൽ മനയിൽ നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് പുരാവസ്തു വകുപ്പ് വിശദമായ പദ്ധതി തയാറാക്കിയിട്ടില്ലെന്നും ആരോപമുണ്ട്.
മനയ്ക്ക് നൂറ്റാണ്ടുകൾ പഴക്കം
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് മന. എട്ടുവീട്ടിൽപിള്ളമാരെ നിഗ്രഹിച്ച് എട്ടു കൂടങ്ങളിലാക്കി കുടിയിരുത്തിയെന്ന ചരിത്രമുള്ള വേട്ടടിക്കാവ് ക്ഷേത്രം മനയുടെ കുടുംബക്ഷേത്രമാണ്. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും നിയമസഭാംഗവുമായിരുന്ന കെ.ജി.എൻ നമ്പൂതിരിപ്പാടിന്റെ കുടുംബം വകയാണ് മന.
കേരളീയ വാസ്തുശിൽപ മാതൃകയിൽ നിർമിച്ച വീടും 15സെന്റ് സ്ഥലവും ഉൾപ്പെടുന്ന ഭാഗമാണ് പൈതൃക മ്യൂസിയത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.സൗകര്യങ്ങൾ ഒരുക്കുന്നതിനായി മനയോടു ചേർന്നുള്ള ആറ് സെന്റ് സ്ഥലവും കെ.ജി.എൻ.നമ്പൂതിരിപ്പാടിന്റെ കുടുംബാംഗങ്ങൾ സൗജന്യമായി വിട്ടുനൽകി. സംരക്ഷണ വേലി സ്ഥാപിച്ചതല്ലാതെ അടിസ്ഥാനസൗകര്യങ്ങൾ ഒന്നുമില്ല.
ഒന്നും നടപ്പായില്ല
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ സഹായത്തോടെ മനയുടെ ഗ്രാഫിക്കൽ ഡോക്യുമെന്റേഷനും പൂർത്തിയാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ അവസാനിക്കുന്നതോടെ സന്ദർശകരെ പ്രവേശിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.
ഇനി ശേഷിക്കുന്നത്
നാലു കെട്ടുൾപ്പടെയുള്ള മുറികൾ നവീകരിക്കണം
സന്ദർശകർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കണം
കൂടുതൽ സന്ദർശകരെ അനുവദിക്കണം