arrested

കോഴിക്കോട്: ഐടി ഉദ്യോഗസ്ഥനിൽ നിന്ന് ഓൺലെെനിലൂടെ 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് മാളൂർ കരേറ്റ ജാസ് വിഹാറിൽ ഷഹൽ സനജ് മല്ലിക്കറാണ് (24)​ അറസ്റ്റിലായത്. കരിമ്പനപ്പാലത്ത് താമസിക്കുന്ന ബാലുശേരി സ്വദേശിയായ യുവാവിന്റെ കെെയിൽ നിന്നാണ് പ്രതി പല തവണയായി പണം തട്ടിയെടുത്തത്. തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ബാക്കി പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു കഴിഞ്ഞു.

ഓൺലെെനിലൂടെ പാർട്ട് ടെെം ബെനിഫിറ്റ് സ്‌കീമിന്റെ പേരിൽ പണം നിക്ഷേപിച്ചാണ് ഐടി ഉദ്യോഗസ്ഥൻ കെണിയിൽ വീണത്. ആദ്യമൊക്കെ വാഗ്ദാനം ചെയ്ത ലാഭം കൃത്യമായി കിട്ടിയപ്പോൾ കൂടുതൽ പണം നിക്ഷേപിക്കുകയായിരുന്നു. പിന്നാലെ മുഴുവൻ പണവും നഷ്ടമായി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫണ്ട് ഇടപാടിൽ അഞ്ച് ലക്ഷം രൂപ ബാങ്കിൽ നിന്ന് പിൻവലിച്ചത് പ്രതിയാണെന്ന് കണ്ടെത്തി. പിന്നാലെ കൂത്തുപറമ്പിലെ സ്ഥാപനത്തിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.