
ടെൽ അവീവ്: ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കടന്നു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 70,000ത്തിലേറെ പേർക്ക് പരിക്കേറ്റതായാണ് ഹമാസിന്റെ കണക്കുകൾ. 8,000ത്തിലേറെ പേരെ കാണാനില്ല. ഇതിനിടെ, ഇന്നലെ രാവിലെ ഗാസ സിറ്റിയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്പിൽ 112 പേർ കൊല്ലപ്പെട്ടു. 760 പേർക്ക് പരിക്കേറ്റെന്നും ഹമാസ് അറിയിച്ചു. അൽ - റാഷീദ് സ്ട്രീറ്റിലെ നബുൽസി മേഖലയിൽ ഭക്ഷണ ട്രക്കിനടുത്തേക്ക് ഓടിയടുത്ത ആയിരക്കണക്കിന് സാധാരണക്കാർക്ക് നേരെയാണ് ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. അതേസമയം, ജനക്കൂട്ടം ആക്രമാസക്തമായപ്പോഴാണ് വെടിവയ്പ് നടത്തിയതെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ജനക്കൂട്ടം ട്രക്കുകൾ കൊള്ളയടിക്കാൻ തുടങ്ങി. ചിലർ തിക്കിനും തിരക്കിനുമിടെയിൽ ചവിട്ടിമെതിക്കപ്പെട്ടു. ജനക്കൂട്ടത്തിൽ ചിലർ സഹായ വിതരണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഇസ്രയേലി സേനയ്ക്ക് എതിരെ നീങ്ങി. തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന വിധത്തിലേക്ക് ആൾക്കൂട്ടം എത്തിയതോടെ വെടിവച്ചെന്നും സംഭവം സൈന്യം പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ഈജിപ്റ്റ്, ജോർദ്ദാൻ തുടങ്ങിയ രാജ്യങ്ങൾ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. നുസൈറത്ത്, ബുറെയ്ജ്, ഖാൻ യൂനിസ് എന്നിവിടങ്ങളിലായി ഇസ്രയേൽ നടത്തിയ ഷെൽ, വ്യോമാക്രമണങ്ങളിൽ 30 പേരും കൊല്ലപ്പെട്ടു.