pic

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പ്രധാനമന്ത്രിയെ ഞായറാഴ്ച തിരഞ്ഞെടുക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് ( നാഷണൽ അസംബ്ലി ) അംഗങ്ങൾ ഇന്നലെ അധികാരമേറ്റെടുത്തു. പി.എം.എൽ - എൻ (പാ​കി​സ്ഥാ​ൻ​ ​മു​സ്ലിം​ ​ലീ​ഗ്- നവാസ്) നേതാവും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്, പി.പി.പി ( പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ) നേതാവ് ബി​ലാ​വ​ൽ​ ​ഭൂ​ട്ടോ​ ​സ​ർ​ദ്ദാ​രി, പിതാവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരി തുടങ്ങിയ പ്രമുഖർ പാർലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു. പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും.

മുൻ പ്രധാനമന്ത്രിയും നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫാണ് പി.എം.എൽ - എൻ - പി.പി.പി സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. മറ്റ് നാല് പാർട്ടികളുടെ പിന്തുണയും സഖ്യത്തിനുണ്ട്. ഈ മാസം 8ന് നടന്ന തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷമായ 134 സീറ്റ് ആരും നേടാതെ വന്നതോടെ സർക്കാർ രൂപീകരിക്കാൻ പി.എം.എൽ - എന്നും പി.പി.പിയും ധാരണയിലെത്തുകയായിരുന്നു.

അതേ സമയം, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പി.ടി.ഐയുടെ (പാ​കി​സ്ഥാ​ൻ​ ​തെ​ഹ്‌​രീ​ക് ​ഇ​ ​ഇ​ൻ​സാ​ഫ്) സ്വതന്ത്ര എം.പിമാരുടെ പ്രതിഷേധത്തിനിടെയായിരുന്നു എം.പിമാരുടെ സത്യപ്രതിജ്ഞ. പി.ടി.ഐ സ്വതന്ത്രർ സുന്നി ഇത്തെഹാദ് കൗൺസിൽ ( എസ്.ഐ.സി )​ സഖ്യത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നെന്ന് കാട്ടി പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ നിലപാട്. മുൻ മന്ത്രി ഒമർ അയൂബ് ആണ് പി.ടി.ഐയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി.