
മോസ്കോ: യുക്രെയിനിലേക്ക് നാറ്റോ രാജ്യങ്ങൾ സൈന്യത്തെ അയച്ചാൽ ആണവ സംഘർഷത്തിലേക്ക് വഴിവയ്ക്കുമെന്ന മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഇന്നലെ റഷ്യൻ പാർലമെന്റിൽ വാർഷിക അഭിസംബോധന നടത്തുകയായിരുന്നു അദ്ദേഹം. യുക്രെയിനിലേക്ക് പാശ്ചാത്യ സൈന്യത്തെ വിന്യസിക്കുന്നത് തള്ളാനാകില്ലെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പ്രസ്താവനയ്ക്കെതിരെ പുട്ടിൻ രംഗത്തെത്തി.
അത്തരം നടപടികൾ ദാരുണമായ പ്രത്യാഘാതങ്ങളിലേക്ക് വഴിവയ്ക്കും. റഷ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല. സ്വന്തം പ്രദേശത്തെ തകർക്കാൻ ശേഷിയുള്ള ആയുധങ്ങൾ റഷ്യയുടെ പക്കലുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങൾക്ക് മനസിലാക്കണം.
യുക്രെയിനിലെ സൈനിക നടപടിയെ ഭൂരിഭാഗം റഷ്യക്കാരും പിന്തുണയ്ക്കുന്നെന്നും പുട്ടിൻ വ്യക്തമാക്കി. പുതിയ ഹൈപ്പർസോണിക് ആയുധങ്ങൾ വിന്യസിക്കുമെന്നും പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ 17 വരെ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലൂടെ തുടർ ഭരണം ലക്ഷ്യമിടുകയാണ് പുട്ടിൻ.
നവാൽനിയുടെ സംസ്കാരം ഇന്ന്
അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ (47) മൃതദേഹം ഇന്ന് വൈകിട്ട് 6.30ന് മോസ്കോയിലെ ബോറിസോവ്‌സ്കീ സെമിത്തേരിയിൽ സംസ്കരിക്കും. മേരിനോ നഗരത്തിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾക്കിടെ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് നവാൽനിയുടെ അനുകൂലികളും ഭാര്യ യൂലിയയും ആശങ്ക പ്രകടിപ്പിച്ചു. ഫെബ്രുവരി 16നാണ് പുട്ടിന്റെ കടുത്ത വിമർശകനായിരുന്ന നവാൽനി ആർട്ടിക് മേഖലയിലെ ജയിലിൽ മരണമടഞ്ഞത്. ബോധരഹിതനായി വീണ നവാൽനി മെഡിക്കൽ ടീം എത്തിയപ്പോഴേക്കും മരിച്ചെന്നാണ് അധികൃതർ പറയുന്നത്.